ബി ജെ പി ചിറകിനടിയിലെ വയല്‍ക്കിളികള്‍

വയലിലെ കിളികളെയും അവരെ ചുറ്റിപ്പറ്റിയുള്ള നീര്‍ക്കോലികളെയും ഒന്നാകെ ഒറ്റിക്കളയാമെന്ന മോഹവുമായി കീഴാറ്റൂരില്‍ താഴ്ന്നിറങ്ങിയ ബി ജെ പിയുടെ മനക്കോട്ടക്ക് വേണ്ടത്ര ഇരകളെ നേടാനായില്ലെന്നാണ് ശേഷമുയര്‍ന്ന അപശബ്ദങ്ങള്‍ തെളിയിക്കുന്നത്. സുരേഷും ജാനകിയും സംഘ്പരിവാരത്തെ അവരുടെ വേദിയില്‍ കൈപിടിച്ചുമ്മവെച്ചതിനെ കീഴാറ്റൂര്‍ ഗ്രാമം തള്ളിപ്പറഞ്ഞു തുടങ്ങിയിരിക്കുന്നു. വയല്‍ക്കിളികള്‍ക്ക് സകല സഹായവും നല്‍കി പോറ്റി വളര്‍ത്തിയ സമര സഹായ ഐക്യദാര്‍ഢ്യ സമിതിയില്‍ ഇപ്പോള്‍ തന്നെ അഭിപ്രായം രണ്ടായി. സുരേഷിനെയും ജാനകിയെയും സമിതി തള്ളിപ്പറഞ്ഞു. ബി ജെ പിയുടെ ദുഷ്ടലാക്കിനെ കണ്ടറിയണമെന്ന മുന്നറിയിപ്പും നല്‍കി. വയല്‍ക്കിളികള്‍ ദിശമാറി പറക്കുമ്പോള്‍ വ്യാകുലപ്പെടുന്ന ഒരുപാട് കക്ഷികളുണ്ട്. വി എം സുധീരനും എ ഐ വൈ എഫും തീവ്ര കമ്മ്യൂണിസ്റ്റുകളുമൊക്കെ ആ ജാതിയില്‍ പെടും.
Posted on: April 5, 2018 6:00 am | Last updated: April 4, 2018 at 11:02 pm

നന്ദിഗ്രാമിലെ മണ്ണില്‍ കിളിര്‍ത്ത സി പി എം വിരുദ്ധത കീഴാറ്റൂരില്‍ ആവര്‍ത്തിക്കുമോ? കീഴാറ്റൂരിലെ കിളികളെ റാഞ്ചാന്‍ വട്ടമിട്ടെത്തിയ സംഘ്പരിവാരത്തിന് പ്രതീക്ഷിച്ച നെല്‍കറ്റകള്‍ ഇവിടെ നിന്ന് ലഭിക്കുമോ? വയലിലെ കിളികളെയും അവരെ ചുറ്റിപ്പറ്റിയുള്ള നീര്‍ക്കോലികളെയും ഒന്നാകെ ഒറ്റിക്കളയാമെന്ന മോഹവുമായി കീഴാറ്റൂര്‍ വയലില്‍ താഴ്ന്നിറങ്ങിയ ബി ജെ പിയുടെ മനക്കോട്ടക്ക് വേണ്ടത്ര ഇരകളെ ഈ വയലില്‍ നേടാനായില്ലെന്നാണ് ശേഷമുയര്‍ന്ന അപശബ്ദങ്ങള്‍ തെളിയിക്കുന്നത്. വയല്‍ക്കിളികളുടെ നായകീനായകന്‍മാരായ സുരേഷും ജാനകിയും സംഘ്പരിവാരത്തെ അവരുടെ വേദിയില്‍ കൈപിടിച്ചുമ്മവെച്ചതിനെ കീഴാറ്റൂര്‍ ഗ്രാമം തള്ളിപ്പറഞ്ഞു തുടങ്ങിയിരിക്കുന്നു. വയല്‍ക്കിളികള്‍ക്ക് സകല സഹായവും നല്‍കി പോറ്റി വളര്‍ത്തിയ സമര സഹായ ഐക്യദാര്‍ഢ്യ സമിതിയില്‍ ഇപ്പോള്‍ തന്നെ അഭിപ്രായം രണ്ടായി. സുരേഷിനെയും ജാനകിയെയും സമിതി തള്ളിപ്പറഞ്ഞു. ബി ജെ പിയുടെ ദുഷ്ടലാക്കിനെ കണ്ടറിയണമെന്ന മുന്നറിയിപ്പും നല്‍കി.

എന്നാലും ബി ജെ പി എന്തോ കാണിച്ചുകൂട്ടിയതിന്റെ ഗമയിലാണ്. കീഴാറ്റൂരിലെ വയല്‍ ബൈപ്പാസില്‍ നിന്ന് രക്ഷിക്കാനാണ് ബി ജെ പി കര്‍ഷക രക്ഷാ മാര്‍ച്ച് നടത്തിയത്. ഈ വയലിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനാണ് നന്ദിഗ്രാമിലെ മണ്ണുമായി അവിടത്തെ ‘സമര നായകനും’ ബി ജെ പിയുടെ ദേശീയ സെക്രട്ടറിയുമായ രാഹുല്‍ സിന്‍ഹയെ അമിത്ഷാ കേരളത്തിലേക്കയച്ചത്. നന്ദിഗ്രാമിലെ ഒരിത്തിരി മണ്ണ് കീഴാറ്റൂരില്‍ വിതറിയാലെങ്കിലും കീഴാറ്റൂരെന്ന ചുവന്ന കോട്ട വഴി കേരളത്തിന്റെ മണ്ണില്‍ അള്ളിപ്പിടിക്കാനാവുമോയെന്നാണ് ഷായുടെയും ബി ജെ പിയുടെയും നോട്ടം. അതും കീഴാറ്റൂരിലെ നമ്പ്രാടത്ത് ജാനകിയുടെ കൈകള്‍ കൊണ്ടാവുമ്പോള്‍ ബി ജെ പിക്ക് ലഭിക്കുന്ന മനസ്സാഫല്യത്തിന് അതിരില്ല.

ഒരു കാര്യം പറയാതെ വയ്യ, കീഴാറ്റൂര്‍ ഒരു പാര്‍ട്ടി ഗ്രാമമാണ്. ആ നട വരമ്പിലൂടെ നടന്നാല്‍ പോലും ബി ജെ പിയുടെ താമര വാടി കരിഞ്ഞു പോകുന്ന കാലമുണ്ടായിരുന്നു. ഇന്ന് വെറുതെയെങ്കിലും കീഴാറ്റൂര്‍ വയലില്‍ പാറിക്കളിക്കുന്നത് കാവിക്കൊടിയാണ്. സി പി എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പഴയ സഖാവ് സുരേഷ് കീഴാറ്റൂരും മറ്റൊരു സമര സഖാവ് നമ്പ്രാടത്ത് ജാനകിയും സംഘികള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നപ്പോള്‍ വല്ലാത്തൊരു ആത്മ സുഖമാണ് സംഘ്പരിവാരത്തിനനുഭവപ്പെട്ടത്. ആ സുഖത്തിന്റെ ആഴവും പരപ്പും കേരളത്തില്‍ മാത്രമല്ല, സി പി എമ്മിനെ കേരളത്തില്‍ നിന്ന് എങ്ങിനെ കെട്ടുകെട്ടിക്കാമെന്ന് നിരീക്ഷണ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന അമിത് ഷായുമതില്‍ നിര്‍വൃതി കൊള്ളുന്നുണ്ട്.

എന്നാല്‍, സുരേഷിന്റെയും ജാനകിയുടെയും രാഷ്ട്രീയ അശ്ലീലത്തെ കേരളം തള്ളിക്കളയുകയാണ്. മാത്രമല്ല, കീഴാറ്റൂര്‍ സമരത്തിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നത് കൂടിയായി അവരുടെ ചെയ്തി. വയല്‍ കിളികളുടെ നേരത്തെയുള്ള സമരത്തില്‍ സുരേഷ് ഗോപിയെ പോലൊരാള്‍ പങ്കെടുത്തപ്പോള്‍ തന്നെ അതിലെ അസംബന്ധം ചോദ്യം ചെയ്യപ്പെട്ടതാണ്. ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്നത് വയല്‍ കിളികള്‍ മാത്രമല്ല, അന്ന് വയല്‍ക്കിളികള്‍ക്കൊപ്പം പറന്ന വി എം സുധീരനും സി ആര്‍ നീലകണ്ഠനും എ ഐ വൈ എഫുകാരും അടക്കമുള്ളവര്‍ കൂടിയാണ്. അവരുടെ വസ്ത്രങ്ങളിലെല്ലാം ചെളി തെറിച്ചിരിക്കുന്നു.

ബി ജെ പിയുടെ കര്‍ഷകരക്ഷാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുല്‍ സിന്‍ഹ ഒരു കാര്യം മറയില്ലാതെ പറഞ്ഞു. ”ത്രിപുരയും ബംഗാളുമൊക്കെ കമ്മ്യൂണിസത്തിന് പഴങ്കഥയാണ്. കേരളത്തില്‍ സി പി എമ്മിന്റെ ശവക്കുഴി തോണ്ടുന്നത് കീഴാറ്റൂര്‍ വയല്‍ വഴിയാകും” ഇത് അദ്ദേഹം പറഞ്ഞപ്പോള്‍ സുരേഷും ജാനകിയുമൊക്കെയത് തല കുലുക്കി സമ്മതം മൂളി. വയല്‍ കിളികളുടെ രാഷ്ട്രീയ ലക്ഷ്യം തുറന്നുകാട്ടുന്നതായി ഈ നടപടി. സി പി എമ്മിന്റെ ആരോപണത്തെ ശരിവെക്കലുമായി അത്. ഇനി ഒരു കാര്യമേ അറിയേണ്ടതുള്ളൂ. സിന്‍ഹ കീഴാറ്റൂരില്‍ നിന്ന് പോകുമ്പോള്‍ നമ്പ്രാടത്ത് ജാനകിയും സുരേഷും കൂടെ സിന്‍ഹക്ക് ഒരു നെല്‍ക്കറ്റ സമ്മാനിച്ചിട്ടുണ്ട്. നന്ദിഗ്രാമിലെ നെല്ലും കറ്റയുമൊക്കെ കൊണ്ടു തന്നെയാണ് അയാള്‍ അവിടെ പണിയെടുത്തത്. കീഴാറ്റൂരില്‍ നിന്ന് കിട്ടിയ ഈ നെല്‍കറ്റ കൊണ്ട് അദ്ദേഹവും അമിത്ഷായും എന്തൊക്കെയാകും ചെയ്യാന്‍ പോകുന്നത്?

പരിസ്ഥിതി സ്‌നേഹം – ആരു കേട്ടാലും അംഗീകരിക്കുന്ന മറ. അത് തന്നെയാണ് മുതലെടുപ്പ് രാഷ്ട്രീയത്തിന് ബി ജെ പി ആയുധമാക്കുന്നതും. എന്നാലത് കേരളത്തിന്റെ മണ്ണില്‍ എത്രമാത്രം വേവുമെന്നതാണ് പ്രശ്‌നം. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് വേണ്ടെന്ന് പറയുന്ന ബി ജെ പി തൊട്ടപ്പുറത്ത് കണ്ണൂര്‍ ബൈപ്പാസില്‍ വയല്‍ നികത്തിയേ ബൈപ്പാസ് പാടുള്ളൂവെന്ന് പറയുന്നതിലെ രസതന്ത്രം ജനങ്ങളോട് പറഞ്ഞു മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.

മാത്രമല്ല, കോളനി ഭരണകാലത്തെ ക്രൂരമായ നിയമത്തെ വെല്ലുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനാണ് നരേന്ദ്രമോദി ഭരണമേറ്റ ഉടനെ തന്നെ തിടുക്കം കൂട്ടിയിരുന്നത്. മാത്രമല്ല, ഭൂമി ഏറ്റെടുക്കുന്നതില്‍ അത്മാര്‍ഥത കാണിക്കുന്നതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുകയാണ് ബി ജെ പി നേതാവായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം ചെയ്തത്. ഇത്തരം വൈരുധ്യങ്ങളാണ് ബി ജെ പിയുടെ കീഴാറ്റൂര്‍ സമരത്തെ പരിഹാസ്യമാക്കുന്നത്.

കീഴാറ്റൂരിലെ നെല്‍ക്കറ്റക്കും നന്ദിഗ്രാമിലെ മണ്ണിനുമിടയില്‍ സി പി എം തളരുന്നുണ്ടോയെന്നതാണ് മറ്റൊരു കാര്യം. ഒരു കാലത്ത് സി പി എം തന്നെയായിരുന്നു കീഴാറ്റൂരിലെ സമര സഖാക്കള്‍. പിന്നെ കാലം മാറി. പരിസ്ഥിതി സ്‌നേഹത്തില്‍ നിന്ന് പാര്‍ട്ടി വികസന രാഷ്ട്രീയത്തിലേക്കെത്തി. ഒപ്പം കൂടിയ സഖാക്കളെയത് വേണ്ടപോലെ പറഞ്ഞ് മനസ്സിലാക്കാന്‍ സി പി എമ്മിനായില്ല എന്നിടത്താണ് ഇത്തരം സമരങ്ങളുടെ നാന്ദിയെന്നു കാണാം.

വയല്‍ക്കിളികള്‍ ദിശമാറി പറക്കുമ്പോള്‍ വ്യാകുലപ്പെടുന്ന ഒരു പാട് കക്ഷികളുണ്ട്. വി എം സുധീരനും എ ഐ വൈ എഫും തീവ്ര കമ്മ്യൂണിസ്റ്റുകളുമൊക്കെ ആ ജാതിയില്‍ പെടും. സി പി എം പണ്ട് കത്തിച്ച സമരപ്പന്തല്‍ ഇവരെല്ലാവരും കൂടെയടങ്ങിയ സമര ഐക്യദാര്‍ഢ്യ സമിതിയായിരുന്നു പുനഃസ്ഥാപിച്ചത്. ആ പുനഃസ്ഥാപിക്കപ്പെട്ട പന്തലില്‍ വെച്ചു തന്നെയാണ് കഴിഞ്ഞ ദിവസം ബി ജെ പി രക്ഷാ മാര്‍ച്ച് നടത്തിയതും.
കുറച്ചു മുമ്പ് കീഴാറ്റൂര്‍ വയലിലൊരു സര്‍വേയുണ്ടായിരുന്നു. അന്ന് സര്‍വേ തടയാന്‍ മണ്ണെണ്ണ കുപ്പികളുമായി വയല്‍കിളികള്‍ അണി നിരന്നപ്പോള്‍ അവരുടെ കൂടെ കോണ്‍ഗ്രസും ലീഗും എസ് ഡി പി ഐയും ബി ജെ പിയുമൊക്കെയുണ്ടായിരുന്നു. അന്ന് സി പി എമ്മുകാര്‍ വയലിലിറങ്ങി വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചു. അന്ന് കിളികള്‍ക്ക് സംരക്ഷണം നല്‍കിയ മേല്‍ പറഞ്ഞ കക്ഷികളൊക്കെ ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുകയാണ്.

സമരപ്പന്തല്‍ കത്തിക്കലിന് ശേഷം മനസ്സങ്കോചം വന്ന സി പി എം പുതിയ കാര്‍ഡിറക്കി. എലിവേറ്റഡ് ഹൈവേയെന്ന പുതിയൊരു പതിപ്പായിരുന്നു അത്. അതായത് ബൈപ്പാസ് വയലിലൂടെയല്ല, പകരം വയലിന് മുകളിലൂടെയുള്ള ആകാശപ്പാത. ഇത് നടപ്പാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണം. അതിന് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് പന്ത് അങ്ങോട്ട് തട്ടി. ഇത് കേട്ടതോടെ കോണ്‍ഗ്രസ് തത്കാലം തടി തപ്പി, വയലില്‍ നിന്ന് കര കയറി. പിന്നെ കരക്ക് കേറാതിരുന്ന വി എം സുധീരനെ കണക്കിനു പറയുകയും ചെയ്തു. ലീഗാണെങ്കില്‍ സ്വന്തം അണികളുടെ എതിര്‍പ്പ് മൂലം എന്നോ പിന്‍വാങ്ങി. കാരണം, ബൈപ്പാസ് വയലിലൂടെയല്ലാതെ തളിപ്പറമ്പ് ബൈപ്പാസ് വീതികൂട്ടിയാകുമ്പോള്‍ യു ഡി എഫിനെ പിന്തുണക്കുന്ന കോട്ടക്ക് ഒരു പാട് നഷ്ടം നേരിടേണ്ടി വരുമെന്ന കണക്കു കൂട്ടലിലായിരുന്നു ആദ്യം സമരത്തെ അനുകൂലിച്ച ലീഗിന്റെ പെട്ടെന്നുള്ള പിന്‍മാറ്റം. പിന്നെ സമരത്തിന് പിന്തുണയുമായെത്തിയത് സി പി ഐയായിരുന്നു. യുവജന സംഘടനയായ എ ഐ വൈ എഫിനെ ഉന്തി വിട്ടുകൊണ്ടായിരുന്നു അവരുടെ പടപ്പുറപ്പാട്. വയല്‍ക്കിളികളെ ആവോളം പ്രോത്സാഹിപ്പിച്ച സി പി ഐ, സി പി എമ്മിനെ കണക്കറ്റ് വിമര്‍ശിച്ചു. മണ്ണ് മാഫിയയാണ് പാര്‍ട്ടിക്ക് പിന്നിലെന്ന് തുറന്നടിച്ചു. എന്നാല്‍, വയല്‍ക്കിളികളുടെ സംഘ്പരിവാറിനോടോപ്പമുള്ള പറക്കല്‍ സി പി ഐക്കാരുടെ മേല്‍ തെറിപ്പിച്ച ചെളി അത്ര പെട്ടെന്ന് പോകില്ല.

ഇനി സി പി എം പ്രഖ്യാപിച്ചിരിക്കുന്ന എലിവേറ്റഡ് ഹൈവേ വരുമോയെന്നതാണ് ചോദ്യം. എലിവേറ്റഡ് ഹൈവേയെന്ന ആശയം ദേശീയ പാത വികസന അതോറിറ്റിക്ക് മേല്‍ ചുമത്തി തടിയെടുക്കാനാണ് സി പി എം ശ്രമമെന്ന് വ്യക്തം. എന്നാല്‍ ഈ ഹൈവേക്ക് വയല്‍ നികത്തിയുള്ള ബൈപ്പാസിനേക്കാളും എത്രയോ ഇരട്ടി ചെലവ് വരും. ഇത്രയും തുക മുടക്കി തളിപ്പറമ്പിലൊരു ബൈപ്പാസ് നിര്‍മിക്കാന്‍ കേന്ദ്രത്തിന് പൂതിയുണ്ടോ? ഈ നഷ്ടം സഹിച്ച് എലിവേറ്റഡ് ഹൈവേക്ക് കേന്ദ്രം തയ്യാറാകില്ലെന്നതുകൊണ്ട് ഒരു മുഴം മുമ്പേയെറിഞ്ഞ് കേന്ദ്രത്തെ രക്ഷിക്കാനാണ് വയല്‍ക്കിളികളും ബി ജെ പിയും ഈ നിര്‍ദേശത്തെ എതിര്‍ക്കുന്നത്. നിലവിലെ ദേശീയ പാത വികസിപ്പിച്ച് ഫ്‌ളൈ ഓവര്‍ നിര്‍മിക്കണമെന്നാണ് ബി ജെ പിയുടെ നിര്‍ദേശം. അങ്ങിനെയാവുമ്പോള്‍ നിരവധി കടകളും മറ്റും തച്ചുപൊളിക്കേണ്ടി വരും. അവിടെയും എതിര്‍പ്പുകളുണ്ടാകുമെന്നത് തീര്‍ച്ചയാണ്.

അങ്ങനെ വരുമ്പോള്‍ വയല്‍ നികത്തിയുള്ള ബൈപ്പാസും എലിവേറ്റഡ് ഹൈവേയും ദേശീയ പാത വികസിപ്പിച്ചുകൊണ്ടുള്ള ഫ്‌ളൈഓവറും ഒന്നും നടക്കില്ല, എങ്ങുമെത്താത്ത ഈ വിഷയം ബി ജെ പിക്ക് അടുത്ത പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വരെ നീട്ടിപ്പിടിക്കുകയും ചെയ്യാം.