വന്‍ റീടെയില്‍ കേന്ദ്രമൊരുക്കി ശുറൂഖ്; ഷാര്‍ജ വികസനക്കുതിപ്പ് തുടരുന്നു

  • 7.5 കോടി ദിര്‍ഹം ചെലവില്‍ അല്‍ റഹ്മാനിയയില്‍ വ്യാപാര കേന്ദ്രം
  • ദുബൈക്ക് പുറത്ത് നഖീലിന്റെ ആദ്യ സംരംഭം
Posted on: April 4, 2018 9:57 pm | Last updated: April 4, 2018 at 9:57 pm
ശുറൂഖ് സി ഇ ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍ക്കാലും നഖീല്‍ മേധാവി സഞ്ജയ് മഞ്ചന്തയും കരാറില്‍ ഒപ്പുവെക്കുന്നു

ഷാര്‍ജ: വികസനക്കുതിപ്പ് തുടര്‍ന്ന് യു എ ഇയുടെ സാംസ്‌കാരിക തലസ്ഥാനം. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഖീല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്) വന്‍കിട റീട്ടെയില്‍ കേന്ദ്രം പുതുതായി പ്രഖ്യാപിച്ചു. 7.5 കോടി ദിര്‍ഹം ചിലവ് പ്രതീക്ഷിക്കുന്ന വ്യാപാര കേന്ദ്രം ഷാര്‍ജ അല്‍ റഹ്മാനിയ പ്രദേശത്താണ് ഒരുക്കുക. ഇത് സംബന്ധിച്ച കരാറില്‍ ശുറൂഖ് സി ഇ ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍ക്കാലും നഖീല്‍ മേധാവി സഞ്ജയ് മഞ്ചന്തയും ഒപ്പുവെച്ചു.

ഷോപ്പിംഗ്, ഭക്ഷണ ശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവക്ക് പ്രാധാന്യം കൊടുത്തു നിര്‍മിക്കുന്ന കേന്ദ്രം ഷാര്‍ജയിലെ റീട്ടെയില്‍ രംഗത്തെ നിര്‍ണായക ചുവടുവെപ്പുകളില്‍ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. ഷാര്‍ജയുടെ സാംസ്‌കാരിക-നിക്ഷേപ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ശുറൂഖിന്റെ പദ്ധതി ഷാര്‍ജയിലെ പാര്‍പിട-വിനോദ രംഗത്തെ വളര്‍ച്ചക്ക് ഏറെ സഹായകരമാവുമെന്നു മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍ക്കാല്‍ പറഞ്ഞു. ടൂറിസം, നിക്ഷേപം എന്നീ രംഗങ്ങളോടൊപ്പം വര്‍ധിച്ചു വരുന്ന പാര്‍പ്പിട-വിനോദ രംഗങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ വികസന മാതൃകയാണ് ശുറൂഖ് മുന്നോട്ടു വെക്കുന്നത്. മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും നിക്ഷേപ സൗഹൃദ ഇടങ്ങളില്‍ ഒന്നാക്കി ഷാര്‍ജയെ മാറ്റുന്നതില്‍ ഈ പരിശ്രമത്തിനു പ്രധാന പങ്കുണ്ട്. ഇതുപോലെയുള്ള കൂട്ടുകെട്ടുകളും പുതിയ പദ്ധതികളും കൂടുതല്‍ മികച്ച സൗകര്യങ്ങളൊരുക്കാനും പരിശ്രമം തുടരാനും പ്രചോദനം പകരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍നിര നിര്‍മാണ കമ്പനികളില്‍ ഒന്നായ നഖീലിന്റെ ദുബൈക്ക് പുറത്തുള്ള ആദ്യത്തെ സംരംഭമാണ് ഷാര്‍ജയില്‍ ഒരുങ്ങുന്നത്. ഷാര്‍ജയിലെ കേന്ദ്രത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് നഖീലാണ്. അവരുടെ തന്നെ നഖീല്‍ മാള്‍ ബ്രാന്‍ഡ് വഴിയാകും പ്രവര്‍ത്തനം.

ദുബൈയെ ലോകോത്തര നഗരങ്ങളില്‍ ഒന്നാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നഖീല്‍ ഗ്രൂപ്പിന്റെ പദ്ധതികള്‍ ഷാര്‍ജയിലേക്ക് കൂടി എത്തിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് നഖീല്‍ സി ഇ ഒ സഞ്ജയ് മഞ്ചന്ത പറഞ്ഞു. സാംസ്‌കാരിക തലസ്ഥാനത്തു ഏറ്റവും വേറിട്ട അനുഭവം പകരുന്ന വിധമാവും നഖീലിന്റെ റീട്ടെയില്‍ കേന്ദ്രം ഒരുക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഷാര്‍ജയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന വമ്പന്‍ പദ്ധതികള്‍ കഴിഞ്ഞ മാസങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ശുറൂഖിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള മുന്‍നിര നിക്ഷേപകരുമായി ചേര്‍ന്ന് നടത്തുന്ന ഇത്തരം പദ്ധതികള്‍, പ്രവാസികളടങ്ങുന്ന തൊഴില്‍ അന്വേഷകര്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ അവസരങ്ങളും സാധ്യതകളും ഒരുക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.