ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടങ്ങി

Posted on: April 4, 2018 6:02 am | Last updated: April 3, 2018 at 11:23 pm

തിരുവനന്തപുരം: സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടങ്ങി. ഈ മാസം ആറിന് അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകാനാണ് നീക്കം.

ഓഖി വിഷയത്തിലടക്കം സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളില്‍ സസ്‌പെന്‍ഷനിലുള്ള ജേക്കബ് തോമസിനെതിരെ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് അന്വേഷണ സമിതി ജേക്കബ് തോമസിന് നോട്ടീസ് നല്‍കിയത്. പരാമര്‍ശം നടത്താനുണ്ടായ സാഹചര്യവും നടപടിയെടുക്കാതിരിക്കാനുള്ള കാരണവും ജേക്കബ് തോമസ് ബോധിപ്പിക്കണം. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറി നല്‍കിയിരിക്കുന്ന നിര്‍ദേശം.

കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സെമിനാറിലാണ് സര്‍ക്കാറിനെതിരെ ജേക്കബ് തോമസ് രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. തുടര്‍ന്ന് ഡിസംബര്‍ ഇരുപതിന് സസ്‌പെന്‍ഷനിലായ ജേക്കബ് തോമസിന് ഇതുവരെ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. ജേക്കബ് തോമസിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതും വിമര്‍ശം തുടര്‍ന്നതുമാണ് കര്‍ശന നടപടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.