ദളിതരുടെ ആശങ്ക അകറ്റണം

Posted on: April 4, 2018 6:00 am | Last updated: April 3, 2018 at 10:04 pm

പട്ടിക വിഭാഗ പീഡന നിരോധ നിയമത്തിലെ ചില വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തിയ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരസിച്ച സാഹചര്യത്തില്‍ ദളിത് പ്രക്ഷോഭം ശക്തമാവുകയും ഉത്തരേന്ത്യ ആളിക്കത്തുകയും ചെയ്യുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍. നിയമത്തില്‍ കോടതി ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും തെരുവില്‍ പ്രക്ഷോഭം നടത്തുന്നവര്‍ വിധിന്യായം വായിച്ചുനോക്കുക പോലുമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്റ്റേ ആവശ്യം കോടതി നിരസിച്ചത്. അതേസമയം സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി സ്വീകരിച്ച കോടതി 10 ദിവസത്തിന് ശേഷം വിശദമായ വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലഘൂകരിച്ചു കൊണ്ടുള്ള കോടതി ഉത്തരവിനെതിരെ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധവും ദലിത് സംഘടനകളുടെ പ്രക്ഷോഭവും ശക്തമായ സാഹചര്യത്തിലാണ് സമഗ്രമായ പുനഃപരിശോധന ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ബി ജെ പിയിലെ ദളിത് നേതാക്കളും കേന്ദ്രമന്ത്രിമാരും നിയമത്തില്‍ കോടതി വിധിക്കെതിരെ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്.

എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് എതിരായ അക്രമങ്ങളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ അറസ്റ്റ് വേണമെന്നാണ് നിലവിലുള്ള നിയമം. ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരുള്‍ക്കൊള്ളുന്ന ബഞ്ച് ഇത് ദുര്‍ബലപ്പെടുത്തി, വ്യക്തമായ തെളിവില്ലാത്തതും പ്രത്യക്ഷത്തില്‍ തന്നെ നിലനില്‍ക്കില്ലെന്ന് ബോധ്യമുള്ളതുമായ കേസുകളില്‍ ഉടനെ അറസ്റ്റ് പാടില്ലെന്ന് ഉത്തരവിറക്കിയതാണ് ദളിതരെ രോഷാകുലരാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് പരാതിയെങ്കില്‍, നിയമന അധികാരിയില്‍ നിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തശേഷമേ അറസ്റ്റ് ചെയ്യാകൂ, സര്‍ക്കാറുദ്യോഗസ്ഥരല്ലെങ്കില്‍ അറസ്റ്റിന് ജില്ലാ പോലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം, പ്രഥമ ദൃഷ്ട്യാ കേസില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുത് എന്നീ നിര്‍ദേശങ്ങളുമുണ്ട് മാര്‍ച്ച് 20ന് ഇറക്കിയ കോടതി ഉത്തരവില്‍.

നിലവില്‍ കര്‍ശന വ്യവസ്ഥകളുണ്ടായിട്ടും രാജ്യത്ത് പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇളവ് അനുവദിക്കുന്നതോടെ അതിക്രമങ്ങള്‍ രൂക്ഷമാകുമെന്നാണ് ദളിതര്‍ ഉയര്‍ത്തുന്ന സന്ദേഹം. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ കോടതിയെ വേണ്ടവിധം ബോധിപ്പിച്ചിരുന്നെങ്കില്‍ നിയമം ലഘൂകരിക്കുകയില്ലായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. ദളിത് പീഡന വിരുദ്ധ നിയമം ദുരുപയോഗപ്പെടുത്തി വ്യാജപരാതികള്‍ ഉന്നയിക്കുന്നതായി കേസില്‍ കക്ഷി ചേര്‍ന്നവരെല്ലാം കോടതിയില്‍ വാദിക്കുകയും ഇതിനുപോത്ബലകമായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2016ലെ റിപ്പോര്‍ട്ട് അടക്കം സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകള്‍ ഉദ്ധരിക്കുകയും ചെയ്തിരുന്നു. ഇതാണ് കോടതി വിധി ദളിതുകള്‍ക്ക് പ്രതികൂലമായി മാറാന്‍ ഇടയാക്കിയതെന്നും, ദളിത് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമം ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുകയാണെന്നും അവര്‍ പറയുന്നു.

ദളിതരുടെ ആശങ്ക അസ്ഥാനത്തല്ല. രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമം വര്‍ഷം തോറും കൂടി വരികയാണ്. 2014ല്‍ 47,000ത്തിലധികം കേസുകളാണ് ഔദ്യോഗിക കണക്കനുസരിച്ച് രേഖപ്പെടുത്തിയതെങ്കില്‍ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഇതില്‍ 29 ശതമാനം വര്‍ധന രേഖപ്പെടുത്തി. കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അത് പിന്നെയും വര്‍ധിച്ചു. അക്രമം അഴിച്ചു വിടുന്നവര്‍ നിയമ നടപടികള്‍ക്ക് വിധേയമാകുന്നത് നന്നേ ചുരുക്കവുമാണ്. ബീഫ് പ്രശ്‌നത്തില്‍ ദളിതര്‍ക്ക് നേരെ നടന്ന പൈശാചികാക്രമണത്തില്‍ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രവും കടുത്ത നിസ്സംഗതയാണ് പുലര്‍ത്തിയത്. പൂനെയിലെ ഭീമ കൊറേഗാവില്‍ ദളിത് റാലിക്ക് നേരെ അക്രമം അഴിച്ചുവിട്ട മറാത്തികളും ഗുജറാത്തിലെ ഉനയില്‍ ദളിത് യുവാക്കളെ നഗ്നരാക്കി മര്‍ദിച്ച കാവി ഭീകരരും നിയമത്തിന്റെ കൈയില്‍ അകപ്പെടാതെ സുരക്ഷിതരായി കഴിയുന്നു. സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ അക്രമികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പോലീസ് തലപ്പത്തുള്ളവരും ഏറെയും ജാതി വെറിയന്മാരാണ്. ദളിതരെയും ആദിവാസികളെയും കേവലം അടിമകളെ പോലെയാണ് സവര്‍ണ ജാതിക്കാരായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ മേധാവികളും കാണുന്നത്. മനുഷ്യത്വരഹിതമായ ജാതി വിവേചനത്തിലും അയിത്താചാരത്തിലും ജീവിക്കാന്‍ വിധിക്കപ്പെട്ട അവര്‍ക്ക് സാമാന്യ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുന്നു. ദളിത് പീഡനം പാര്‍ലിമെന്റില്‍ ഉന്നയിച്ചാല്‍ അത് ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.

അതേസമയം പട്ടികജാതിവര്‍ഗ(പീഡനം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയുകയാണ് വ്യവസ്ഥകളില്‍ ഇളവ് വരുത്തിയതിന്റെ താത്പര്യമെന്നും നിരപരാധികള്‍ക്ക് സംരക്ഷണം നല്‍കുക മാത്രമാണ് ലക്ഷ്യമെന്നും ജസ്റ്റിസ് എ കെ ഗോയലും ജസ്റ്റിസ് യു യു ലളിതും വ്യക്തമാക്കിയിരിക്കെ കോടതിയുടെ ഉദ്ദേശ്യ ശുദ്ധിയിലും സംശയിക്കാവതല്ല. ദളിതരുടെ ആശങ്ക അകറ്റുന്നതും നിയമത്തിന്റെ ദുരുപയോഗത്തിലൂടെ നിരപരാധികള്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതുമായ ഒരു പ്രശ്‌നപരിഹാരമാണ് ഇക്കാര്യത്തില്‍ ആവശ്യം. വിശദമായ വാദം കേള്‍ക്കലിന് ശേഷം കോടതിയില്‍ നിന്നു ഉചിതമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.