National
ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം നല്‍കും

ന്യൂഡല്‍ഹി: ഇറാഖില്‍ ഐ എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊന്ന 38 ഇന്ത്യക്കാരുടെ കുടുംബാംങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും.
കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇന്നലെ രാജ്യത്തെത്തിച്ചിരുന്നു. ബഗ്ദാദില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങളുമായി എത്തിയ വിമാനം ഉച്ചക്ക് 2.30ന് അമൃത്‌സര്‍ വിമാനത്താവളത്തിലെത്തി. നാല്‍പ്പത് ഇന്ത്യക്കാരെയാണ് 2014ല്‍ ഐ എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ഹര്‍ജിത് മസീഹ് എന്നയാള്‍ രക്ഷപ്പെട്ടിരുന്നു.
ഇറാഖില്‍ കാണാതായ ബിഹാറില്‍ നിന്നുള്ള രാജു യാദവിന്റെ ഡി എന്‍ എ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലിമെന്റില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തതില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുകള്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു.