Connect with us

Kerala

റവന്യൂ മന്ത്രിക്ക് പദവിയില്‍ തുടരാന്‍ അവകാശമില്ലെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ വനവും ഭൂമിയും കായലും കൈയേറുന്നവര്‍ക്ക് ഒത്താശ ചെയ്ത് നല്‍കുന്ന സര്‍ക്കാറാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ ഇനി അന്വേഷണമല്ല, കുറ്റക്കാര്‍ക്കെതിരെ നടപടിയാണ് ആവശ്യം. സ്വന്തം ഓഫീസ് പ്രതിക്കൂട്ടിലായിട്ടും ഇതൊന്നും നിയന്ത്രിക്കാന്‍ കഴിവില്ലാത്ത മന്ത്രി ഇ ചന്ദ്രശേഖരന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല ആരോപിച്ചു. പൊന്തന്‍പുഴ വനം കേസില്‍ വനം വകുപ്പ് സ്വകാര്യ വ്യക്തികള്‍ക്ക് മുന്നില്‍ തോറ്റു കൊടുത്ത സംഭവം നമ്മുടെ മുന്നിലുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടന്ന 1477 ഭൂമി കൈയേറ്റങ്ങളില്‍ 605 എണ്ണം മാത്രമാണ് ഒഴിപ്പിക്കാന്‍ കഴിഞ്ഞതെന്ന് നിയമസഭയില്‍ മന്ത്രി സമ്മതിച്ചിട്ടുണ്ട്. അതായത്, കണ്ടെത്തിയ വളരെ കുറച്ച് നിയമവിരുദ്ധ കൈയേറ്റങ്ങളില്‍ 872 എണ്ണം പിടിച്ചെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. കൈയേറിയ ഭൂമി തിരിച്ചുപിടിക്കുന്നതില്‍ പോലും റവന്യൂ വകുപ്പ് വന്‍ പരാജയമാണെന്ന സൂചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.
ഭൂ മാഫിയക്ക് സഹായം ചെയ്ത് നല്‍കുന്ന സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും കേരള ജനതയോട് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാപ്പ് പറയുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമാഫിയകളും ഭൂമി തട്ടിപ്പ് സംഘങ്ങളും സംസ്ഥാന സര്‍ക്കാറില്‍ നടത്തിവരുന്ന അഴിമതികളുടേയും അവിഹിത ഇടപാടുകളുടെയും ചുരുളുകള്‍ അഴിയുന്ന സംഭവമാണ് വയനാട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ്്് വി എം സുധീരന്‍ ഫേയ്‌സ് ബുക്ക്്് പോസ്റ്റില്‍ പറഞ്ഞു. ഡെപ്യൂട്ടി കലക്ടറെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോരാ, ക്രിമിനല്‍ കേസെടുത്ത് ഈ സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള സര്‍വ്വ പങ്കാളികളെ കുറിച്ചും സമഗ്രമായി തന്നെ അന്വേഷിക്കണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും വേണമെന്നും വി എം സുധീരന്‍ പറഞ്ഞു.

Latest