Connect with us

Sports

ക്വാര്‍ട്ടര്‍ യുദ്ധം

Published

|

Last Updated

യുവെന്റസ് താരങ്ങള്‍ പരിശീലനത്തില്‍

റോം: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. സ്പാനിഷ് ക്ലബായ സെവിയ്യ ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിനേയും റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ വമ്പന്മാരായ യുവെന്റസിനേയും നേരിടും. യുവെന്റസിന്റെ തട്ടകമായ യുവെന്റസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍നിര ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തിയാണ് സെവിയ്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ലാലിഗയില്‍ കരുത്തരായ ബാഴ്‌സലോണയെ സമനിലയില്‍ കുരുക്കിയതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് സെവിയ്യ സ്വന്തം നാട്ടില്‍ പന്ത് തട്ടാനൊരുങ്ങുന്നത്.

അതേസമയം, ബെസിക്റ്റസിനെ കീഴടക്കി ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബയേണ്‍ ബുണ്ടസ് ലിഗയില്‍ കഴിഞ്ഞ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ബൊറുസിയ ഡോട്മുണ്ടിനെ തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് പിഎസ്ജിയെ മറികടന്നാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

യുവെന്റസ് ആവട്ടെ പ്രീ ക്വാര്‍ട്ടറില്‍, ടോട്ടനം ഹോട്‌സപറിനെ തറപറ്റിച്ചു. ടീമിലെ പ്രധാന താരങ്ങള്‍ ഉള്‍പ്പെടെ 24 അംഗ സ്‌ക്വാഡുമായാണ് റയല്‍ ഇറ്റലിയിലേക്ക് തിരിച്ചത്. പരുക്കേറ്റ നാചോയും കെബേസോയും ടീമിലുണ്ട്. ലാലിഗയില്‍ ലാസ് പാല്‍മസിനെ മറുപടിയിലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് റയല്‍ ടൂറിനിലേക്ക് വിമാനം കയറിയത്.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുന്നോടിയായി സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മാഴ്‌സെലോ, ടോണി ക്രൂസ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് റയല്‍ ലാസ് പാല്‍മസിനെതിരെ ഇറങ്ങിയത്. റൊണാള്‍ഡോ, ബെന്‍സിമ, ബെയ്ല്‍ ത്രയങ്ങള്‍ ഒന്നിക്കുന്ന റയല്‍ മാഡ്രിഡിന്റെ ആക്രമണ നിര യുവെന്റസിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. കഴിഞ്ഞ തവണ കാര്‍ഡിഫില്‍ യുവെന്റസിനെ കീഴടക്കിയാണ് റയല്‍ മാഡ്രിഡ് കിരീടത്തില്‍ മുത്തമിട്ടത്. ഇതിന് മധുര പ്രതികാരം വീട്ടാന്‍ യുവെക്ക് ജയം അനിവാര്യമാണ്.

മത്സരം ഫൈനല്‍ പോലെയാണ് നോക്കിക്കാണുന്നതെന്ന് യുവെന്റസ് വിംഗര്‍ യുവാന്‍ ക്വാഡ്രഡോ പറഞ്ഞു. ഞങ്ങളുടേത് മികച്ച നിരയാണ്. തങ്ങളുടേതായ രീതിയിലാണ് കളി മെനയുക. കാര്‍ഡിഫില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇത്തവണത്തെ കളിയെന്ന് യുവെന്റസ് ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ജിയാന്‍ലൂജി ബുഫണ്‍ പറഞ്ഞു.

ഇറ്റാലിയന്‍ സിരി എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ യുവെന്റസ് എ സി മിലാനെ പരാജയപ്പെടുത്തിയിരുന്നു.

---- facebook comment plugin here -----

Latest