തിരഞ്ഞെടുപ്പ് വിജ്ഞാപനവും കാത്ത് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും

Posted on: April 3, 2018 6:09 am | Last updated: April 3, 2018 at 1:02 am

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നില്ലെങ്കിലും പ്രചാരണ രംഗം സജീവമാണ്. പ്രചാരണവും കാലാവസ്ഥയും ചൂടുപിടിച്ചതോടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വലയുകയാണ്. ഇനി എത്രനാള്‍ വിജ്ഞാപനത്തിനായി കാക്കണമെന്ന ആശങ്കയിലാണിവര്‍. എന്നാല്‍ പോലും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും കുറവുകളൊന്നുമില്ല. മുന്നണികള്‍ തമ്മില്‍ വലിയ ആരോപണ പ്രത്യാരോപണ യുദ്ധം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കെ കെ രാമചന്ദ്രന്‍ നായരുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പിന് വേദിയായത്. വിജ്ഞാപനം വന്നില്ലെങ്കിലും യു ഡി എഫ്, എല്‍ ഡി എഫ് മുന്നണികള്‍ മൂന്നാംഘട്ട പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കയാണ്. എന്നാല്‍ ബി ജെ പി കണ്‍വെന്‍ഷന്‍ പോലും ഇതുവരെ നടത്തിയിട്ടില്ല. ജനസമ്പര്‍ക്ക പരിപാടിയിലൂടെ പ്രചാരണ രംഗത്ത് ഇരുമുന്നണികള്‍ക്കും ഒപ്പമുണ്ട്. വിജ്ഞാപനം വൈകുന്നത് മുന്നണികള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഉണ്ടാക്കുന്നത്.

കനത്ത മീനച്ചൂടിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും ഒരു പോലെ വലയുകയുമാണ്. തിരഞ്ഞെടുപ്പ് തീയതി അനന്തമായി നീണ്ടാല്‍ അത് പ്രവര്‍ത്തനത്തെ സാരമായി തന്നെ ബാധിക്കുന്ന നിലയിലേക്കാണ് ഇപ്പോഴത്തെ പോക്ക്. ധൃതിപിടിച്ചുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളാണ് ഇത്തരം ഒരു വലിയ പ്രതിസന്ധിയിലേക്ക് മുന്നണികളെ എത്തിച്ചത്.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ സ്ഥാനാര്‍ഥി നിര്‍ണ്ണയ സമയം മുതല്‍ തുടങ്ങിയ ആരോപണങ്ങളും പ്രത്യാരോപണങ്ങള്‍ കടുത്തു വരുന്നതായാണ് കാണുന്നത്. വിജ്ഞാപനം എത്തിക്കഴിഞ്ഞാല്‍ ഏത് നിലയിലേക്ക് ഇത് പോകുമെന്ന ആശങ്ക ജനങ്ങളിലുമുണ്ട്. ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളും അതില്‍ വന്ന താമസങ്ങളുമായിരുന്നു ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണമായത്. രണ്ടാം ഘട്ടത്തില്‍ സൈബര്‍ ആക്രമണങ്ങളും വ്യക്തിപരമായ ആരോപണങ്ങളും ഇപ്പോള്‍ സ്ഥാനാര്‍ഥികള്‍ പലരുടേയും ബിനാമികളാണെന്നുള്ള തരത്തിലും മുന്നേറുകയാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികളെ കൂടാതെ 10 ഓളം സ്ഥാനാര്‍ഥികള്‍ ചെങ്ങന്നൂരില്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.

വിജ്ഞാപനം വരുന്നതോടെ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ രംഗപ്രവേശം ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്. സ്വതന്ത്രരും അപരന്മാരുമെല്ലാം മത്സര രംഗത്തുണ്ടാകാനാണ് സാധ്യത.