ഉ. കൊറിയയെ ആണവ മുക്തമാക്കാന്‍ സമ്മര്‍ദം ചെലുത്തും: ജപ്പാന്‍

ട്രംപുമായി പ്രധാനമന്ത്രി ആബെ കൂടിക്കാഴ്ചക്ക്
Posted on: April 3, 2018 3:07 am | Last updated: April 3, 2018 at 12:43 am

ടോക്യോ: ഉത്തര കൊറിയയുടെ ആണവ നിരായുധീകരണത്തിന് വേണ്ടി പരമാവധി ശ്രമങ്ങള്‍ നടത്തുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഈ മാസം മധ്യത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ അമേരിക്ക സന്ദര്‍ശിക്കുമെന്നും പ്രസ്താവനയില്‍ ആബെ വ്യക്തമാക്കി.

ഏപ്രില്‍ 17 മുതല്‍ 20 വരെയാണ് ആബെയുടെ അമേരിക്കന്‍ സന്ദര്‍ശനം. ഫ്‌ളോറിഡയിലെ വസതിയില്‍ അവധിക്കാല സന്ദര്‍ശനത്തിനെത്തുന്ന വേളയില്‍ പ്രസിഡന്റ് ട്രംപുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ കൂടിക്കാഴ്ചയില്‍ രണ്ട് രാജ്യങ്ങളെയും സംബന്ധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഉത്തര കൊറിയക്കെതിരെ പരമാവധി സമ്മര്‍ദം അനിവാര്യമാണ്. തിരിച്ചുവരാനാകാത്ത വിധം ഉത്തര കൊറിയ ആ രാജ്യത്തിന്റെ ആണവനിരായുധീകരണ പാതയിലേക്ക് തിരിച്ചുനടക്കല്‍ അത്യന്താപേക്ഷിതമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉത്തര കൊറിയ ജപ്പാന്റെ പൗരന്മാരെ തട്ടിക്കൊണ്ടുപോയ വിഷയവും ട്രംപുമായി ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നുവെന്നും ആബെ പ്രസ്താവനയില്‍ വ്യക്തമാക്കി. 1970-80കളില്‍ ഉത്തര കൊറിയ 17 ജപ്പാന്‍കാരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരില്‍ അഞ്ച് പേര്‍ 2002ല്‍ തിരിച്ചെത്തിയിരുന്നു.

ഈ വര്‍ഷം മെയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്. ഫിന്‍ലാന്‍ഡില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക എന്ന് മാത്രമേ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളൂ. ഇതിന് മുന്നോടിയായാണ് ജപ്പാന്‍ പ്രധാനമന്ത്രി ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത്. ജപ്പാന്റെ മേഖലയിലെ ശത്രുവായ ചൈനയുമായി കിം ജോംഗ് ഉന്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.