വിന്നി മണ്ടേല അന്തരിച്ചു

വിടപറഞ്ഞത് പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ്
Posted on: April 2, 2018 8:46 pm | Last updated: April 3, 2018 at 1:15 am

ജൊഹാനസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയും പ്രമുഖ ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് വിമന്‍ ലീഗിന്റെ നേതാവുമായ വിന്നി മണ്ടേല അന്തരിച്ചു. 81 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതയായിരുന്ന അവര്‍ ഉച്ചയോടെ ജൊഹന്നസ് ബര്‍ഗിലെ ആശുപത്രിയിലാണ് അന്തരിച്ചത്.

വര്‍ണ വിവേചനത്തിനെതിരെ മണ്ടേലയോടൊപ്പം പോരാടിയ ഇവരെ വിശേഷിപ്പിച്ചിരുന്നത് പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നായിരുന്നു. 1994ല്‍ വിന്നി ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായിരുന്നു.

1958ല്‍ തന്റെ 22ാം വയസ്സിലാണ് വിന്നിയും നെല്‍സന്‍ മണ്ടേലയും തമ്മിലുള്ള വിവാഹം. 1963ല്‍ നെല്‍സണ്‍ മണ്ടേലയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു.മണ്ടേലയുടെ ജയില്‍വാസകാലത്ത്, അദ്ദേഹത്തിന്റെ ചിന്തകളും, ആശയങ്ങളും പുറംലോകമറിഞ്ഞത് വിന്നിയിലൂടെയായിരുന്നു. 1990ല്‍ അദ്ദേഹം ജയില്‍മോചിതനാകും വരെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായ വിന്നിയെയും ഭരണകൂടം വെറുതേ വിട്ടില്ല. പലപ്പോഴും അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയോ നാടുകടത്തുകയോ ചെയ്തു. ദക്ഷിണാഫ്രിക്കയുടെ ഭീകരവാദ വിരുദ്ധ നിയമ പ്രകാരം അറസ്റ്റിലാകുന്ന ആദ്യ വ്യക്തി കൂടിയായി മാറി വിന്നി മണ്ടേല.

പിന്നീട് 1990ല്‍ നെല്‍സണ്‍ മണ്ടേല ജയില്‍ മോചിതനായി വിന്നിയുടെ കൈപിടിച്ച് ജയില്‍ നിന്ന് പുറത്തുവരുന്ന ചിത്രമാണ് ലോകം കണ്ടത്. പക്ഷേ, ജയില്‍ മോചനത്തിന്റെ ആറാം വര്‍ഷം മണ്ടേല ദമ്പതികള്‍ വിവാഹ മോചിതരായി. പക്ഷേ, മരണം വരെ ‘മണ്ടേല’ എന്ന് നാമം സ്വന്തം പേരില്‍ നിന്ന് നീക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. 2013ല്‍ നെല്‍സണ്‍ മണ്ടേലയുടെ മരണം വരെ അദ്ദേഹവുമായുള്ള സൗഹൃദവും വിന്നി തുടര്‍ന്നു. വിന്നി മണ്ടേലയുടെ വിമോചന പോരാട്ടങ്ങളെ മാനിച്ച് 2016ല്‍ രാജ്യം ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ചു.

നിരവധി പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അവര്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.