Connect with us

National

ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബാഹ്യ ഇടപെടലെന്ന് റിപ്പോര്‍ട്ട്: വീണ്ടും ഞെട്ടിച്ച് കാരവന്‍

Published

|

Last Updated

ന്യൂഡല്‍ഹി: സി ബി ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബ്രിജോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര മന്ത്രിയുമായി ബന്ധമുള്ള ഒരു ഡോക്ടര്‍ ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നാണ് “ദി കാരവന്‍” റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് നാഗ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോ. എന്‍ കെ തുമ്രന്‍ ആണെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. എന്നാല്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ അംഗമായ മകരന്ദ് വ്യാവാഹാരെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നാണ് കാരവന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുങ്ങാടിവാറിന്റെ ബന്ധുവാണ് ഡോ. മകരന്ദ്. ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാറിലെ രണ്ടാമനാണ് മന്ത്രി സുധീര്‍. 2014 ഡിസംബര്‍ ഒന്നിനായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഈ സമയത്ത് ചില ജീവനക്കാര്‍ അവിടെയുണ്ടായിരുന്നു. ഡോ.മകരന്ദ് ആയിരുന്നു പോസ്റ്റുമോര്‍ട്ടം പരിശോധനക്ക് നേതൃത്വം വഹിച്ചത്. ലോയയുടെ തലയിലും പുറകിലുമുള്ള മുറിവ് സംബന്ധിച്ച് പരിശോധനയില്‍ പാകപിഴകള്‍ കണ്ടത് ചോദ്യം ചെയ്ത ജൂനിയര്‍ ഡോക്ടറോട് ഡോ. മകരന്ദ് ആക്രോശിക്കുകയും ചെയ്തു. ലോയയുടെ തലയിലെ മുറിവ് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല.

എന്നാല്‍, ലോയയുടെ തലയുടെ പുറകില്‍ വലതുവശത്തായി മുറിവുണ്ടായിരുന്നതായി മെഡിക്കല്‍ കോളജിലെ മറ്റ് ജീവനക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കല്ല് കൊണ്ട് തലയ്ക്കടിച്ച പോലെ ശരീരത്തില്‍ വിള്ളലുണ്ടായിരുന്നതായും അവര്‍ പറയുന്നു. കാഴ്ചയില്‍ വലുതല്ലെങ്കിലും രക്തം കട്ട പിടിക്കാന്‍ വേണ്ടത്ര ആഴത്തിലുള്ള മുറിവായിരുന്നു അത്. ലോയയുടെ തല മറച്ചിരുന്ന തുണി രക്തത്തില്‍ കുതിര്‍ന്നിരുന്നു. ലോയയുടെ തലയില്‍ മുറിവുണ്ടായിരുന്നതായും ഷര്‍ട്ടിലും ശരീരത്തിലും രക്തമുണ്ടായിരുന്നതായും ലോയയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ഡോ. തുമ്രാന്‍ പറഞ്ഞത്. ഡോ. മകരന്ദും ഇതേകുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. പോസ്റ്റ്‌മോര്‍ട്ടം നടന്ന മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ ഡോ.മകരന്ദ് പോസ്റ്റുമോര്‍ട്ടത്തില്‍ കൃത്രിമത്വം കാണിച്ചതിന് സാക്ഷികളാണെന്നാണ് “ദി കാരവന്‍” റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Latest