ആശങ്കകള്‍ക്ക് വിരാമം; ടിയാങ്‌ഗോങ് വണ്‍ കത്തിയമര്‍ന്നുവെന്ന് ചൈന

Posted on: April 2, 2018 10:12 am | Last updated: April 2, 2018 at 1:47 pm

ബീജിങ്: ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്‌ഗോങ് വണ്‍ ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളില്‍ കത്തിയമര്‍ന്നുവെന്ന് ചൈനീസ് ബഹിരാകാശ അതോറിറ്റി. ഇന്ത്യന്‍ സമയം രാവിലെ ആറ് മണിയോടെയാണ് ബഹിരാകാശ നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ഇവിടെ വെച്ചുതന്നെ നിലയത്തിന്റെ ഏറെക്കുറെ മുഴുവന്‍ ഭാഗങ്ങളും കത്തിച്ചാമ്പലായതായി അതോറിറ്റി വെബ്‌സൈറ്റില്‍ പറയുന്നു.

ദക്ഷിണ അറ്റ്‌ലാന്റിക്കയിലെ ബ്രസീലിയന്‍ തീരത്താകും ഇവ പതിക്കുകയെന്നായിരുന്നു ചൈനീസ് ഗവേഷകര്‍ കരുതിയത്. നിലയത്തിന്റെ വലിയ ഭാഗങ്ങള്‍ വെള്ളിയാഴ്ചയോടെ ഭൂമിയില്‍ പതിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.

2011ലാണ് 10.4 മീറ്റര്‍ നീളമുള്ള ടിയാങ്‌ഗോങ് വണ്‍ വിക്ഷേപിച്ചത്. 2017ഓടെ ഇത് ഭൂമിയിലിറങ്ങുമെന്നായിരുന്നു ചൈന പറഞ്ഞത്. എന്നാല്‍ നിലയത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ എവിടെയാണ് നിലയത്തിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയെന്ന ആശങ്കയിലായിരുന്നു ലോകം.