സര്‍ക്കാര്‍ ഏറ്റെടുത്തു; ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ ഇനി മൂന്നാര്‍ വില്ലേജ് ഓഫീസ്

Posted on: April 1, 2018 10:01 am | Last updated: April 2, 2018 at 10:15 am

മൂൂന്നാര്‍: മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഏറ്റെടുത്തു. പാട്ടക്കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് ഹോം സ്‌റ്റേയും അത് സ്ഥിതി ചെയ്യുന്ന ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇന്ന് രാവിലെ ഇവിടെയെത്തിയ റവന്യു ഉദ്യോഗസ്ഥരുടെ സംഘം ഹോം സ്‌റ്റേക്ക് മുകളില്‍ മൂന്നാര്‍ വില്ലേജ് ഓഫീസ് എന്ന ബോര്‍ഡ് സ്ഥാപിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വില്ലേജ് ഓഫീസ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാട്ടക്കരാര്‍ ലംഘിച്ചതിന് 2006ല്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും രണ്ട് തവണ ഇവിടം ഒഴിയാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമനടപടികള്‍ തുടര്‍ന്നതും പ്രാദേശികമായ ചില എതിര്‍പ്പുകളും കാരണം ഇത് നീണ്ടുപോയി. ഒടുവില്‍ ഹൈക്കോടതി സര്‍ക്കാറിന് അനുകൂലമായ വിധി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഏറ്റെടുക്കാനായത്.

ഹോം സ്‌റ്റേ ഒഴിയുന്നതിന് കോടതി അനുവദിച്ച ആറ് മാസത്തെ സമയം ഇന്നലെ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഇന്ന് ഹോം സ്‌റ്റേ സര്‍ക്കാര്‍ ഏറ്റെടുത്തത്.