ദക്ഷിണാഫ്രിക്ക 488; ഓസീസിന് തകര്‍ച്ച

Posted on: April 1, 2018 6:14 am | Last updated: March 31, 2018 at 11:54 pm

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 488 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്‌ത്രേലിയ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ആറ് വിക്കറ്റിന് 110 റണ്‍സെന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പേസ് ആക്രമണത്തിന് മുന്നില്‍ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ മുട്ടിടിച്ചു വീണു.
53 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജ മാത്രമാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഖവാജക്കും ഷോണ്‍ മാര്‍ഷിനും (16) അല്ലാതെ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല. റെന്‍ഷോ (എട്ട്), ബേണ്‍സ് (നാല്), ഹാന്‍ഡ്‌സ്‌കോമ്പ് (പൂജ്യം), മിച്ചല്‍ മാര്‍ഷ് (നാല്) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സംഭാവന.

ക്യാപ്റ്റന്‍ ടിം പെയ്ന്‍ (അഞ്ച്), പാറ്റ് കമ്മിന്‍സ് (ഏഴ്) എന്നിവരാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കക്കായി ഫിന്‍ലാന്‍ഡര്‍ മൂന്നും റബാഡ, മോര്‍ക്കല്‍, മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

313ന് മൂന്ന് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ആസ്‌ത്രേലിയ 488ന് പുറത്താകുകായിരുന്നു. എയ്ഡന്‍ മാര്‍ക്രമിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും (152), ടെംബ ബാവുമ (95), ഡിവില്ലിയേഴ്‌സ് (69), കേശവ് മഹാരാജ് (45) എന്നിവരുടെ മികച്ച ബാറ്റിംഗുമാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.