Connect with us

Kerala

ചരിത്രം അരികെ: സന്തോഷ് ട്രോഫി: കേരളം- ബംഗാള്‍ ഫൈനല്‍ ഇന്ന്

Published

|

Last Updated

കൊല്‍ക്കത്ത: ചരിത്രം കുറിക്കാന്‍ ഒരു ജയം കൂടി. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ കേരളം ഇന്ന് ആതിഥേയരായ ബംഗാളിനെ നേരിടും. ഉച്ചക്ക് 2.30ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ കളിക്കുന്നത്. 2013ല്‍ കൊച്ചിയിലാണ് കേരളം അവസാനമായി ഫൈനല്‍ കളിച്ചത്. അന്ന് സര്‍വീസസിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ ബംഗാളിനെ അവരുടെ നാട്ടില്‍ കീഴടക്കി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് സതീവന്‍ ബാലന്‍ പരിശീലിപ്പിക്കുന്ന കേരളത്തിന്റെ യുവനിര. 2004ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം ചൂടിയത്.

സെമി പോരാട്ടത്തില്‍ വടക്കുകിഴക്കന്‍ കരുത്തരായ മിസോറാമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് കേരളം ഫൈനലില്‍ കടന്നത്. വികെ അഫ്ദലായിരുന്നു വിജയശില്‍പ്പി. കര്‍ണാടകയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ബംഗാളും ഫൈനലിന് ടിക്കറ്റെടുത്തു. കോച്ച് സതീവന്‍ ബാലന്റെ നേതൃത്വത്തില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുന്ന കേരള താരങ്ങള്‍ മികവ് തുടര്‍ന്നാല്‍ കിരീടം കിട്ടാക്കനിയാകില്ല. ലീഗ് മത്സരത്തില്‍ ബംഗാളിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് കേരളത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നു.

ടൂര്‍ണമെന്റില്‍ ഒരു തോല്‍വിയോ സമനിലയോ ഇല്ലാതെയാണ് കേരളം ഫൈനലിലേക്ക് കുതിച്ചെത്തിയത്. ലീഗ് മത്സരങ്ങളില്‍ കളിച്ച നാലിലും ജയിച്ചു. ചണ്ഡീഗഢിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെതിരെ അത് ആറായി വര്‍ധിപ്പിച്ചു. പിന്നീട് കരുത്തരായ മഹാരാഷ്ട്രയെ മൂന്ന് ഗോളുകള്‍ക്കും ബംഗാളിനെ ഒരു ഗോളിനും കീഴടക്കി. സെമിയില്‍ മിസോറാമിനെതിരെ ഒരു ഗോള്‍ ജയം. ആകെ 16 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ഒരെണ്ണം മാത്രമാണ് തിരികെ വാങ്ങിയത് എന്നത് പ്രതിരോധ നിരയിലെ കരുത്ത് എത്രത്തോളമാണ് എന്ന് തെളിയിക്കുന്നു. സ്വന്തം നാട്ടില്‍ ഒമ്പത് സന്തോഷ് ട്രോഫി ഫൈനലുകളില്‍ കളിച്ച ബംഗാളിന് ഒരിക്കല്‍പ്പോലും തോറ്റിട്ടില്ല. ്‌

Latest