കര്‍ണാടകയില്‍ പെരുമാറ്റച്ചട്ടലംഘനം തുടരുന്നു: യോഗം വിളിച്ചതിന് മന്ത്രി രമാനാഥ റൈക്കെതിരെ കേസ്

Posted on: April 1, 2018 6:29 am | Last updated: March 31, 2018 at 11:33 pm

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടും ചട്ട ലംഘനം തുടരുന്നു. ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലുള്ള വനം-പരിസ്ഥിതി മന്ത്രി ബി രമാനാഥ റൈക്കെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബണ്ട്‌വാള്‍ ടൗണ്‍ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് യോഗം വിളിച്ചുചേര്‍ത്തുവെന്ന പരാതിയിലാണ് നടപടി.

ബണ്ട്‌വാള്‍ നിയമസഭാ മണ്ഡലം വരണാധികാരിയായ രവി ബസറിഹല്ലിയാണ് മണ്ഡലം എം എല്‍ എയായ മന്ത്രി ബണ്ട്‌വാള്‍ പള്ളെമൊഗറുവില്‍ ഔദ്യോഗിക യോഗം ചേര്‍ന്നതായി പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. ഈ മണ്ഡലത്തില്‍ നിന്ന് ഏഴാം തവണയാണ് രമാനാഥ റൈ മത്സരത്തിനൊരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് റൈ.

കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ മന്ത്രി പ്രമോദ് മാധ്വര രാജിന്റെ വാഹനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തിരുന്നു. അനുമതിയില്ലാതെ ഔദ്യോഗിക വാഹനം പ്രചാരണത്തിനുപയോഗിച്ചതിനാണ് നടപടി. കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നവും മാധ്വരരാജിന്റെ ചിത്രവും വാഹനത്തില്‍ പതിപ്പിച്ചിരുന്നു. വാഹനം പ്രചാരണത്തിന് ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ.

രാമനഗരയില്‍ ജനതാദള്‍- എസ് സംഘടിപ്പിച്ച പരിപാടിക്കിടയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിന്റെ പേരിലാണ് റെയ്ഡ് നടത്തിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാകുമാരസ്വാമിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ബി എം ടി സി ബസുകളില്‍ പതിച്ചിട്ടുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ മുഴുവന്‍ ഇതുവരെയും നീക്കം ചെയ്തിട്ടില്ല. പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.