പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാമെന്നു പറഞ്ഞ് ഇനി ആരും കബളിപ്പിക്കില്ല: മുഖ്യമന്ത്രി

Posted on: April 1, 2018 6:17 am | Last updated: March 31, 2018 at 11:19 pm

കൊച്ചി: ആദിവാസി പട്ടികവര്‍ഗ ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക ജീവിതം തടസ്സപ്പെടുത്താതെയുള്ള സുസ്ഥിര വികസനമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ ഭൂരഹിതര്‍ക്കും നിയമാനുസൃതം പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാമെന്നു പറഞ്ഞ് കബളിപ്പിക്കുന്ന അവസ്ഥ ഇനിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോതമംഗലം താലൂക്കില്‍ ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂട്ടമായി ജീവിക്കാനാഗ്രഹിക്കുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്ക് അവരുടെ സാമൂഹിക ജീവിതം തടസ്സപ്പെടുത്താതെയാണ് ഭൂമി വിതരണം ചെയ്യുന്നത്. ആദിവാസികളുടെ ജീവിത നിലവാരമുയര്‍ത്തുന്നതിന് ഭൂമി നല്‍കിയത് കൊണ്ടുമാത്രം കാര്യമില്ല. ജീവിക്കാനുള്ള മാര്‍ഗവും പിന്തുണയും ലഭ്യമാക്കണം. പട്ടിവര്‍ഗ, ഗോത്ര പുനരധിവാസം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. ആദിവാസി ഊരുകളുടെ സമഗ്ര വികസനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. വനവിഭവ സമാഹരണത്തിനും അവയുടെ വിപണനത്തിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനും ഗോത്ര വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കും. പട്ടികവര്‍ഗങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ഉടന്‍ വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോത്രവിഭാഗങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കും. തേന്‍, പച്ചമരുന്ന്, ഔഷധച്ചെടി ശേഖരണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കും. അംബേദ്കര്‍ ഊര് വികസന പദ്ധതി പ്രകാരം 102 ഊരുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ഗോത്ര വിഭാഗങ്ങള്‍ക്ക് തനത് ചുറ്റുപാടുകളില്‍ തന്നെ തൊഴില്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഗോത്ര വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.