Connect with us

Kerala

പിങ്ക് കാര്‍ഡ് ഉടമകളെ സൗജന്യ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ സൗജന്യ അരിക്ക് ഇനി ഒരു രൂപ ഈടാക്കി നല്‍കാന്‍ തീരുമാനം. ഇതുപ്രകാരം ഈ വിഭാഗത്തില്‍ പെടുന്ന 1.29 കോടി കാര്‍ഡ് ഉടമകള്‍ക്ക് ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന അരിക്ക് ഇനി കിലോക്ക് ഒരു രൂപ നല്‍കേണ്ടി വരും. ഇതോടെ പൂര്‍ണമായും സൗജന്യ റേഷന്‍ അന്ത്യോദയ അന്നയോജന കാര്‍ഡുടമകള്‍ക്ക് മാത്രമായി പരിമിതപ്പെടും. നിലവില്‍ 5,95800 പേരാണ് അന്ത്യോദയ അന്നയോജന വിഭാഗത്തിലുള്ളത്.

നേരത്തെ ബി പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന, എന്നാല്‍ ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വന്ന ശേഷം മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയ പിങ്ക് കാര്‍ഡുടമകളെയാണ് സമ്പൂര്‍ണ സൗജന്യ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ നല്‍കുന്നത്. റേഷന്‍ കടയുടമകള്‍ക്കുള്ള പാക്കേജിന്റെ ഭാഗമായാണ് നടപടി. 29 ലക്ഷം കാര്‍ഡുകളിലായി 1.29 കോടി പേരാണ് ഈ വിഭാഗത്തില്‍ വരുന്നത്. നിലവില്‍ പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ വീതം അരിയും ഒരു കിലോ ഗോതമ്പുമാണ് പ്രതിമാസം ലഭിച്ചുവരുന്നത്. ഇതിന് കിലോക്ക് ഒരു രൂപ വീതം ഈടാക്കാനാണ് തീരുമാനം. ഇങ്ങനെ സമാഹരിക്കുന്ന തുക റേഷന്‍ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവായി റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കും. റേഷന്‍ വ്യാപാരികള്‍ക്കുള്ള വേതന പാക്കേജിന്റെ ഭാഗമായാണ് തീരുമാനം.

അതേസമയം റേഷന്‍ കടകളുടെ പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി നടപ്പാക്കിയ ഇ പോസ് യന്ത്രം സ്ഥാപിക്കുന്ന റേഷന്‍ കടയുടമകള്‍ക്ക് മാത്രമായിരിക്കും ഈ പണം നല്‍കുക. ഈ മാസം പകുതിയോടെ മുഴുവന്‍ റേഷന്‍ കടകളിലും ഇ-പോസ് യന്ത്രം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം