ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിന് കേളിക്കൊട്ടുയര്‍ന്നതോടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കര്‍ണാടക. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ഉയര്‍ത്തിപ്പിടിച്ചാണ് സര്‍ക്കാറും കോണ്‍ഗ്രസും വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത്. അഴിമതി ആരോപണങ്ങളൊന്നും നേരിടാതെ തിളക്കമാര്‍ന്ന പ്രതിച്ഛായ നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങുന്നത്. മറുപക്ഷത്ത്, ഭരണം പിടിച്ചെടുക്കാനുള്ള ഭഗീരഥ യത്‌നത്തിലാണ് ബി ജെ പി.
Posted on: April 1, 2018 6:00 am | Last updated: March 31, 2018 at 10:45 pm

കോണ്‍ഗ്രസിന് വേണ്ടി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാലാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഏപ്രില്‍ നാലിന് രാഹുല്‍ വീണ്ടും എത്തുന്നതോടെ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണം തിളച്ചുമറിയും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തട്ടകത്തിലാണ് രാഹുല്‍ഗാന്ധിയും അമിത്ഷായും പോയവാരം പ്രചാരണം നടത്തിയത്. ഈ മേഖലയില്‍ രാഹുല്‍ നടത്തിയ റോഡ് ഷോക്ക് സാക്ഷ്യം വഹിക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണെത്തിയത്. മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് റോഡ് ഷോക്ക് തുടക്കമിട്ടത്.

മൈസൂരുവില്‍ പ്രചാരണത്തിനിടെ അമിത് ഷാക്കെതിരെ ദളിത് നേതാക്കളുടെ പ്രതിഷേധമുണ്ടായി. ഭരണഘടന തിരുത്തുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ബി ജെ പി യോഗത്തില്‍ ബഹളം വെക്കുകയായിരുന്നു. ബി ജെ പിക്ക് വലിയ സ്വാധീനമില്ലാത്ത പഴയ മൈസൂരു മേഖലയില്‍ പിന്നാക്ക വിഭാഗത്തിന്റെ പിന്തുണ തേടിയാണ് അമിത് ഷാ ദളിത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. രാജേന്ദ്ര കലാമന്ദിറിലെ യോഗത്തില്‍ ഷാ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ചില നേതാക്കള്‍ രോഷപ്രകടനവുമായി രംഗത്തെത്തിയത്. കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജുവിന്റെ വീട്ടിലെത്തി അഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചതും ബി ജെ പിയെ തുടക്കത്തില്‍ തന്നെ വിവാദച്ചുഴിയിലാക്കി. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബി ജെ പിയും രംഗത്ത് വന്നു. ദക്ഷിണ നല്‍കുന്ന പരമ്പരാഗത ആചാരത്തിന്റെ ഭാഗമായാണ് പണം കൊടുത്തതെന്നും ബി ജെ പി അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും കോണ്‍ഗ്രസ് മറുപടി നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് രണ്ട് ദിവസം മുമ്പെ ജനതാദള്‍- എസിലെ ഏഴ് വിമത എം എല്‍ എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ പ്രധാന സംഭവ വികാസം. കോണ്‍ഗ്രസിന് അനുകൂലമായി സര്‍വേ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ വന്ന സി- ഫോര്‍ സര്‍വേ ഫലവും കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. 224 സീറ്റുകളില്‍ 126 എണ്ണത്തില്‍ കോണ്‍ഗ്രസ് ജയിച്ചുകയറുമെന്നാണ് സി- ഫോര്‍ സര്‍വേ ഫലം. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 122 സീറ്റുകളാണ് ലഭിച്ചത്. ജനതാദള്‍- എസിന് കഴിഞ്ഞ തവണ ലഭിച്ച 40 സീറ്റ് 27 ആയി കുറയുമെന്നും ബി ജെ പിയുടെ സീറ്റ് 40 ല്‍ നിന്ന് 70 ആയി വര്‍ധിക്കുമെന്നുമാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. ലിംഗായത്ത് വിഭാഗത്തിന് മതപദവി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെയും ഭൂരിഭാഗം പേരും അനുകൂലിക്കുന്നുണ്ട്. കര്‍ഷകരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്. ബെംഗളൂരുവിലെ 28 മണ്ഡലങ്ങളില്‍ 19 എണ്ണത്തിലും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് സി- ഫോര്‍ സര്‍വേ ഫലം. മധ്യകര്‍ണാടകയില്‍ മാത്രമാണ് ബി ജെ പിക്ക് മേധാവിത്വമുണ്ടാവുകയെന്നും പ്രവചിക്കുന്നു.

ലിംഗായത്തുകള്‍ക്ക് പ്രത്യേക മതന്യൂനപക്ഷ പദവി നല്‍കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലിംഗായത്ത് നേതാക്കള്‍ ബി ജെ പി അധ്യക്ഷന്‍ അമിത്ഷാക്ക് കത്ത് നല്‍കിയത് പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പെയാണ് ലിംഗായത്തിന് ന്യൂനപക്ഷ പദവി നല്‍കാനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചത്. നിര്‍ദേശം ഇപ്പോള്‍ കേന്ദ്രത്തിന്റെ കോര്‍ട്ടിലാണ്. കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ പ്രത്യേക മതപദവി എന്നത് യാഥാര്‍ഥ്യമാവുകയുള്ളൂ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിലപാട് അറിയിക്കണമെന്നാണ് ലിംഗായത്ത് നേതാക്കള്‍ അമിത്ഷായോട് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷ പദവി നല്‍കുന്നത് സമുദായത്തെ ഭിന്നിപ്പിക്കുമെന്നുള്ള പ്രചാരണത്തില്‍ കഴമ്പില്ലെന്നും കൂടുതല്‍ ഐക്യത്തോടെ മുന്നോട്ട് പോവാന്‍ ഇത് സഹായിക്കുമെന്നുമാണ് ലിംഗായത്ത് നേതാക്കള്‍ അമിത്ഷാക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നത്.

റെയില്‍വേ ടെര്‍മിനല്‍

ബൈയപ്പനഹള്ളി റെയില്‍വേ ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നത് നിത്യേന ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് വലിയൊരു ആശ്വാസമാകും. ബെംഗളൂരു സിറ്റി, യശ്വന്ത്പുര റെയില്‍വേ സ്റ്റേഷനുകളിലെ ട്രെയിനുകളിലെ തിരക്കിന് പരിഹാരം കാണാന്‍ സാധിക്കുന്നതാണ് ഇത്. ടെര്‍മിനലിന്റെ ആദ്യഘട്ടം ഈ വര്‍ഷം ഡിസംബറോടെ പ്രവര്‍ത്തന സജ്ജമാകും. ടെര്‍മിനല്‍ നിലവില്‍ വന്നാല്‍ കേരളത്തിലേക്കുള്ള ട്രെയിനുകളും ബൈയപ്പനഹള്ളിയില്‍ നിന്ന് ആക്കാനാണ് അധികൃതരുടെ നീക്കം. സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടിരുന്ന കേരള ട്രെയിനുകള്‍ അടുത്തിടെ ബാനസവാടി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. റെയില്‍വേയുടെ 20 ഏക്കര്‍ സ്ഥലത്താണ് ടെര്‍മിനല്‍ സ്ഥാപിക്കുന്നത്. മൈസൂരു ഭാഗത്തേക്ക് ഒഴിച്ച് ബാക്കി എല്ലാ ഭാഗങ്ങളിലേക്കും ട്രെയിനുകള്‍ക്ക് പോകാനും വരാനുമുള്ള സൗകര്യം ഈ ടെര്‍മിനലില്‍ ഉണ്ടാവും. 150 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ സിറ്റി സ്റ്റേഷനിലെയും യശ്വന്ത്പുര സ്റ്റേഷനിലെയും തിരക്ക് പരിഹരിക്കാന്‍ കഴിയും. ബൈയപ്പനഹള്ളിയില്‍ ഇതോടെ ഏഴ് പ്ലാറ്റ്‌ഫോമുകളാണ് നിലവില്‍ വരിക. ഇപ്പോള്‍ സിറ്റി സ്‌റ്റേഷനില്‍ നിന്ന് ദിവസേന 142 ട്രെയിനുകളും യശ്വന്ത്പുര സ്റ്റേഷനില്‍ നിന്ന് 95 ട്രെയിനുകളുമാണ് പുറപ്പെടുന്നത്. ടെര്‍മിനല്‍ വരുന്നതോടെ സ്ഥലപരിമിതി കൊണ്ട് വീര്‍പ്പ്മുട്ടുന്ന സിറ്റി സ്റ്റേഷന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഇവിടെ സൗകര്യങ്ങള്‍ കുറവാണെന്ന കാരണത്താലായിരുന്നു കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ബാനസവാടിയിലേക്ക് മാറ്റിയത്.