വിസക്ക് അപേക്ഷിക്കുന്നവരുടെ സാമൂഹ്യ മാധ്യമ ചരിത്രം ആവശ്യപ്പെടാനൊരുങ്ങി അമേരിക്ക

Posted on: March 31, 2018 9:53 am | Last updated: April 1, 2018 at 9:43 am

വാഷിങ്ടണ്‍: അമേരിക്കന്‍ വിസക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ ചരിത്രം പരിശോധിക്കാനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശപ്രകാരമാണ് അമേരിക്കന്‍ വിസക്ക് അപേക്ഷിക്കുന്നവരുടെ ഫേസ്ബുക്ക്,ട്വിറ്റര്‍ അക്കൗണ്ടുകളുടെ പരിശോധനക്കൊരുങ്ങുന്നത്. ഇത് പ്രകാരം വിസ അപേക്ഷകന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയകളെ സംബന്ധിച്ച പൂര്‍ണ വിവരം ലഭ്യമാക്കണം.

14.7 ദശലക്ഷം പേരാണ് വര്‍ഷം തോറും അമേരിക്കന്‍ വിസക്ക് അപേക്ഷിക്കുന്നത്. ഇവരെയെല്ലാം പുതിയ നിര്‍ദേശം ബാധിക്കും. സോഷ്യല്‍ മീഡിയ വിവരങ്ങള്‍ ഉപയോഗിച്ച് ഇവര്‍ ഇമിഗ്രന്റ്, നോണ്‍ ഇമിഗ്രന്റ് വിസക്കാരാണോയെന്ന് തിരിച്ചറിയാനും സൂക്ഷ്മനിരീക്ഷണം നടത്താനും കഴിയും. ഇതിന് പുറമെ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകള്‍, ഇ മെയില്‍ വിലാസം, യാത്രാ വിവരങ്ങള്‍, ഏതെങ്കിലും രാജ്യത്തുനിന്നും കയറ്റി അയക്കപ്പെട്ടിട്ടുണ്ടോ, ബന്ധുക്കളാരെങ്കിലും തീവ്രവാദി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ തുടങ്ങിയ വിവരങ്ങളും വിസ അപേക്ഷകന്‍ നല്‍കണം.

എന്നാല്‍ അമേരിക്കയിലേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതിയുള്ള യു കെ.,ഫ്രാന്‍സ്,ജര്‍മനി എന്നിവിടങ്ങളിലെ പൗരന്‍മാര്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല. രാജ്യ സുരക്ഷയുടെ ഭാഗമായാണ് അമേരിക്കന്‍ വിസക്കുള്ള അപേക്ഷകളില്‍ നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ന്യായീകരിക്കുന്നു.