അബ്ദുല്ലത്വീഫ് നൂറാനിക്ക് ഐ ഐ എമ്മില്‍ ഗവേഷണത്തിന് അവസരം

Posted on: March 30, 2018 11:39 pm | Last updated: March 30, 2018 at 11:39 pm

മര്‍കസ് ഗാര്‍ഡന്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഡോക്ടറല്‍ ഗവേഷണമായ ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റിന് (എഫ് പി എം) കൊല്‍ക്കത്ത ഐ ഐ എമ്മില്‍ അഡ്മിഷന്‍ നേടി അബ്ദുല്ലത്വീഫ് നൂറാനി ഒളവട്ടൂര്‍ മികച്ച നേട്ടം കൈവരിച്ചു. സാമ്പത്തിക ശാസ്ത്രത്തിലാണ് ഗവേഷണം. ഇന്ത്യയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനമായ ഐ ഐ എമ്മില്‍ മലയാളികള്‍ക്ക് വളരെ അപൂര്‍വമായാണ് അവസരം ലഭിക്കാറുള്ളത്.
മര്‍കസ് സ്ഥാപനമായ പൂനൂര്‍ മദീനതുന്നൂര്‍ കോളജില്‍ നിന്ന് ഏഴ് വര്‍ഷത്തെ ഇസ്്‌ലാമിക് സയന്‍സ് പഠനവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബി എ ഇക്കണോമിക്‌സും പൂര്‍ത്തിയാക്കി. ഇപ്പോള്‍ പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ അപ്ലൈഡ് ഇക്കണോമിക്‌സില്‍ അവസാന വര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥിയാണ്. ഈ വര്‍ഷം തന്നെ യു ജി സിയുടെ ജെ ആര്‍ എഫിനും ഐ ഐ ടി മദ്രാസില്‍ പി എച്ച് ഡിക്കും അര്‍ഹത നേടിയിരുന്നു.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശിയായ അബ്ദുല്ലത്വീഫ് ചേക്കൂട്ടി മുസ്്‌ലിയാര്‍-ആമിന ദമ്പതികളുടെ മകനാണ്. മദീനതുന്നൂര്‍ ഡയരക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രത്യേകം അഭിനന്ദിച്ചു.