Connect with us

Kerala

സന്തോഷ് ട്രോഫി: മിസോറാമിനെ തോല്‍പിച്ച് കേരളം ഫൈനലില്‍

Published

|

Last Updated

കര്‍ണാടകക്കെതിരെ ബംഗാളിന്റെ മുന്നേറ്റം

കൊല്‍ക്കത്ത: വടക്കുകിഴക്കന്‍ കരുത്തരായ മിസോറാമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. 54ാം മിനുട്ടില്‍ വി കെ അഫ്ദലാണ് വിജയ ഗോള്‍ നേടിയത്. ആദ്യപകുതിയുടെ അവസാന മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ അഫ്ദലിലൂടെ കേരളം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.

എം എസ് ജിതിന്റെ മുന്നേറ്റത്തിലൂടെയായിരുന്നു ഗോളിന്റെ പറവി. ജിതിനില്‍ നിന്ന് പന്ത് ലഭിച്ച രാഹുല്‍ വലയിലേക്ക് തൊടുത്തങ്കിലും പന്ത് മിസോറാമിന്റെ പ്രതിരോധത്തില്‍ തട്ടി മടങ്ങി. ആ പന്ത് റീബൗണ്ടിലൂടെ വലയില്‍ എത്തിച്ചാണ് അഫ്ദല്‍ കേരളത്തിന്റെ സ്വപ്‌നം പൂവണിയിച്ചത്.
നാളെ നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. കര്‍ണാടകയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബംഗാള്‍ ഫൈനലില്‍ കടന്നത്. 57ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ജിതെന്‍ മുര്‍മു, ഇന്‍ജുറി സമയത്ത് തിര്‍ത്ഥങ്കര്‍ സര്‍ക്കാര്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് മത്സരത്തില്‍ കേരളവും ബംഗാളും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരളം വിജയിച്ചിരുന്നു.
കരുത്തന്‍ന്മാരുടെ പോരാട്ടത്തില്‍, ആക്രമണത്തില്‍ മിസോറാമായിരുന്നു മുന്നില്‍. എന്നാല്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കുന്നതില്‍ കേരളം വിജയിച്ചു. ഗോള്‍ പോസ്റ്റിന് മുന്നില്‍ ലഭിച്ച നാല് അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ പോയത് മിസോറാമിന് തിരിച്ചടിയായി. ബംഗാളിനെതിരായ ലീഗ് മത്സരത്തില്‍ കളിച്ച ടീമില്‍ നാല് മാറ്റങ്ങളുമായാണ് കോച്ച് സതീവന്‍ ബാലന്‍ ടീമിനെ ഇറക്കിയത്.

മത്സരം പുരോഗമിക്കവേ ലാല്‍ റുമ്മാവിയ 17 യാര്‍ഡ് അകലെ നിന്ന് തൊടുത്ത ഷോട്ട് ഗോള്‍ കീപ്പര്‍ വി മിഥുന്‍ ഉജ്ജ്വലമായൊരു സേവിലൂടെ രക്ഷപ്പെടുത്തി. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഗോള്‍ മടക്കാന്‍ മിസോറാം കിണഞ്ഞുശ്രമിച്ചു. എന്നാല്‍ വിബിന്‍ തോമസും രാഹുല്‍ വി രാജും ചേരുന്ന പ്രതിരോധനിര മികച്ചു നിന്നതോടെ മിസോറാമിന്റെ ശ്രമങ്ങള്‍ വിഫലമായി.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. 2012ല്‍ ഫൈനലിലെത്തിയെങ്കിലും ആതിഥേയരായ സര്‍വീസസിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയായിരുന്നു.

1994ല്‍ കട്ടക്കില്‍ വെച്ചാണ് കേരളവും ബംഗാളും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനായിരുന്നു ജയം. 14 തവണ ഫൈനല്‍ കളിച്ച കേരളം അഞ്ച് തവണ ചാമ്പ്യന്മാരായിട്ടുണ്ട്.

എട്ട് തവണ റണ്ണേഴ്‌സപ്പായി. കോച്ച് സതീവന്‍ ബാലന്റെ കീഴില്‍ ടൂര്‍ണമെന്റിലുടനീളം കേരളം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്.

മിന്നും താരമായി അഫ്ദല്‍

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ഫൈനല്‍ പ്രവേശനം സാധ്യമാക്കിയ മലപ്പുറത്തുകാരന്‍ വി കെ അഫ്ദാല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ അഭിമാന താരമായി മാറിയിരിക്കയാണ്. സെമിഫൈനലില്‍ കരുത്തരായ മിസോറമിനെ മലര്‍ത്തിയടിച്ച് കേരളം ഫൈനലില്‍ പ്രവേശിച്ചത് അഫ്ദാലിന്റെ ബൂട്ടില്‍ നിന്ന് പിറന്ന ഗോളിന്റെ പിന്‍ബലത്തിലായിരുന്നു.

മൂന്ന് ഗോളുകളാണ് സന്തോഷ് ട്രോഫിയില്‍ താരം ഇതുവരെ നേടിയത്. ഛത്തീസ്ഗഢ്, മണിപ്പൂര്‍ എന്നിവര്‍ക്കെതിരെയായിരുന്നു മറ്റു ഗോളുകള്‍. സ്‌ട്രൈക്കര്‍ പൊസിഷനിലാണ് 22 കാരനായ അഫ്ദാല്‍ കളിക്കുന്നത്.

നാട്ടില്‍ ക്ലബിന് വേണ്ടി പന്ത് കളിച്ചാണ് കാല്‍പന്തിനോട് കൂട്ട് കൂടുന്നത്. സെവന്‍സ് ഫുട്‌ബോളില്‍ ഏറെ പന്തു തട്ടിയ അഫ്ദാല്‍ പകരക്കാരനായാണ് ഇന്നലെ ഇറങ്ങിയത്. ലിറ്റില്‍ ഫഌവര്‍ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജില്ലാ ജൂനിയര്‍ ടീമില്‍ കളിച്ചാണ് ഫുട്‌ബോളിലെ തുടക്കം. 13 തവണയാണ് ജില്ലാ ടീമിന് വേണ്ടി ബൂട്ടണിഞ്ഞത്. ആറ് തവണ സംസ്ഥാന സീനിയര്‍ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് രണ്ട് തവണ കിരീടം നേടിക്കൊടുത്ത താരം നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്.

കഴിഞ്ഞ ഡിസംബറില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബിനെ തോല്‍പ്പിച്ചാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കിരീടം നേടിയത്. ഈ സീസണില്‍ രണ്ട് ഹാട്രിക്കടക്കം എട്ട് ഗോളുകള്‍ നേടിയ അഫ്ദാല്‍ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്‌കോളര്‍ഷിപ്പ് കിട്ടിയതിനാല്‍ 12 ദിവസത്തെ കോച്ചിംഗിന് അവസരം ലഭിച്ചു.

കോച്ച് സതീവന്‍ ബാലന്റെ തന്ത്രങ്ങളുടെ വിജയമാണിതെന്നും നാളെ ബംഗാളിനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അഫ്ദാല്‍ സിറാജിനോട് പറഞ്ഞു. ഡിഗ്രി പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ഐ എസ് എല്‍ പോലുള്ള ക്ലബുകളില്‍ കളിക്കണമെന്നാണ് ആഗ്രഹം. ലീഗ് മത്സരത്തില്‍ ബംഗാളിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം ഉയര്‍ത്തിയതായും താരം കൂട്ടിച്ചേര്‍ത്തു. മമ്പാട് എം ഇ എസ് കോളജില്‍ മൂന്നാം വര്‍ഷ ബി എസ് സി ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിയായ അഫ്ദാല്‍ പാണ്ടിക്കാട് ഒലിപ്പുഴ വരിക്കോടന്‍ അശ്‌റഫ്- ഹഫ്‌സത്ത് ദമ്പതികളുടെ മകനാണ്.