ദിലീപ് ക്വട്ടേഷന്‍ നല്‍കിയതിന് തെളിവ് നല്‍കാമെന്ന് പ്രതി പറഞ്ഞെന്ന്

Posted on: March 30, 2018 6:05 am | Last updated: March 30, 2018 at 12:26 am

കൊച്ചി: നടിക്കെതിരായ ആക്രമണ കേസില്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതിന് തെളിവ് നല്‍കാമെന്ന് പ്രതികളില്‍ ഒരാള്‍ അറിയിച്ചതായി സൂചന. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപ് വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പോലീസിന് നല്‍കാമെന്ന് പ്രതി സമ്മതിച്ചതായാണ് വിവരം. പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയെന്നാണ് സൂചന.

ജയിലില്‍ കഴിയുന്ന പ്രതി അടുത്ത ബന്ധു മുഖേനയാണ് വിവരമറിയിച്ചതെന്നാണ് വിവരം. കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതിപ്പട്ടികയിലുള്ളയാളെ മാപ്പു സാക്ഷിയാക്കുന്ന പതിവില്ലാത്തതിനാലാണ് പ്രതികളിലൊരാളുടെ കൂറുമാറ്റത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടുന്നത്.
നടിക്കെതിരായ ആക്രമണ കേസില്‍ കേസില്‍ ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും രമ്യാ നമ്പീശനും സംവിധായകന്‍ ലാലുവുമാണെന്ന് കഴിഞ്ഞ ദിവസം രണ്ടാം പ്രതി മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിനെ കുരുക്കുന്ന വിവരം പ്രതികളിലൊരാള്‍ പുറത്തുവിട്ടിരിക്കുന്നത്.