സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: കോച്ചിംഗ് സെന്റര്‍ ഉടമ അറസ്റ്റില്‍

Posted on: March 29, 2018 1:55 pm | Last updated: March 29, 2018 at 11:36 pm

ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി രാജേന്ദ്ര നഗറില്‍ പരീക്ഷാ പരിശീലന കേന്ദ്രം നടത്തിവന്ന വിക്കി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. ചോര്‍ന്ന ചോദ്യപ്പേപ്പറുകള്‍ 10000, 15000 രൂപക്ക് വിദ്യാര്‍ഥികള്‍ക്ക് വിക്കി വില്‍പ്പന നടത്തിയിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി ബി എസ് ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷയുമാണ് റദ്ദാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് രണ്ട് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഐ പി സി 420, 406 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്നും കൂടുതല്‍ അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.