എല്‍ ഡി സി: 1000 പേര്‍ക്ക് കൂടി നിയമനം ലഭിച്ചേക്കും

Posted on: March 29, 2018 6:09 am | Last updated: March 29, 2018 at 12:30 am

തിരുവനന്തപുരം: പി എസ് സിയുടെ കാലാവധി തീരുന്ന എല്‍ ഡി സി റാങ്ക് പട്ടികയില്‍ നിന്ന് ആയിരത്തിലധികം പേര്‍ക്ക് കൂടി നിയമനം ലഭിക്കും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശമാണ് കൂടുതല്‍ നിയമനത്തിന് അവസരം ഒരുക്കിയത്. ഇന്നലെ ഉച്ചവരെ 933 ഒഴിവുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച കൂടി പ്രവൃത്തിദിവസം ഉള്ളതിനാല്‍ ഒഴിവുകള്‍ ആയിരത്തിന് മുകളില്‍ വരുമെന്നാണ് കണക്ക് കൂട്ടല്‍.
നിലവിലെ പട്ടികയില്‍ നിന്ന് ഇതുവരെ 10,377 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. പുതിയ റാങ്ക് പട്ടിക ഏപ്രില്‍ ആദ്യവാരം പുറത്തുവരുന്നതോടെയാണ് നിലവിലെ പട്ടിക ഇല്ലാതാകുന്നത്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകള്‍ നിലവിലെ റാങ്ക് പട്ടികയില്‍ നിന്നാണ് നികത്തുക. ഈ മാസം 31വരെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നതിനാല്‍ കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

31ന് രാത്രി 12 വരെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ കൂടി കണക്കാക്കി നിയമനം നല്‍കാനാവുമെന്നാണ് പി എസ് സി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ മാര്‍ച്ച് 31ന് വിരമിക്കുന്നവരുടെ ഒഴിവുകള്‍ ഏപ്രില്‍ രണ്ടിന് മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കൂ.