എം എല്‍ എമാര്‍ക്കിനി പറക്കാം; പ്രതിവര്‍ഷം അര ലക്ഷം രൂപ

  • ശമ്പളം വര്‍ധിപ്പിക്കാനുളള ബില്‍ നിയമസഭ പാസാക്കി
  • എം എല്‍ എമാര്‍ക്ക് ഒരുവര്‍ഷം 50,000 രൂപവരെ
  • വിമാനക്കൂലിഇന്‍ഷ്വറന്‍സ് പരിധി 20 ലക്ഷമാക്കി
Posted on: March 27, 2018 6:57 pm | Last updated: March 28, 2018 at 1:43 pm

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിമാനത്തില്‍ വരുന്നതിന് എം എല്‍ എമാര്‍ക്ക് പ്രതിവര്‍ഷം 50,000 രൂപ നല്‍കും. ഈ ഭേദഗതി കൂടി ഉള്‍പ്പെടുത്തി മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പള വര്‍ധന നിര്‍ദേശിക്കുന്ന 2018ലെ ശമ്പളവും ബത്തകളും നല്‍കല്‍ (ഭേദഗതി) ബില്ലും മുന്‍ എം എല്‍ എമാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള 2018ലെ കേരള നിയമസഭാംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കല്‍ (ഭേദഗതി) ബില്ലും നിയമസഭ പാസ്സാക്കി. സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ചാണ് ബില്‍ ചര്‍ച്ച കൂടാതെ സഭ പാസ്സാക്കിയത്.

മന്ത്രിമാരുടെ ശമ്പളം 55,012ല്‍ നിന്ന് 90,300 രൂപയായും എം എല്‍ എമാരുടേത് 39,500ല്‍ നിന്ന് 70,000 രൂപയായും ഉയരുമെന്നതാണ് പ്രധാനം. സംസ്ഥാനത്തിന് പുറത്തുള്ള നിയമസഭാ സമിതി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എം എല്‍ എമാര്‍ക്ക് വിമാന യാത്രാക്കൂലി ഇനത്തില്‍ പ്രതിവര്‍ഷം പരമാവധി 50,000 രൂപ വരെ അനുവദിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂടി അനുവദിച്ചത്. സാമാജികരുടെ അപകട ഇന്‍ഷ്വറന്‍സ് തുക അഞ്ച് ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയരും.

മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് തിരുവനന്തപുരം നഗരത്തിലും അതിന്റെ എട്ട് കിലോമീറ്റര്‍ ചുറ്റളവിലും നടത്തുന്ന യാത്രകള്‍ക്കുള്ള ആനുകൂല്യം പ്രതിമാസം 10,500 രൂപയില്‍ നിന്ന് 17,000 രൂപയായി ഉയരും. ഇവര്‍ക്ക് പത്ത് ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പയും 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ ഭവനനിര്‍മാണ വായ്പയും ലഭിക്കും. ഇവരുടെ സംസ്ഥാനത്തിനകത്തുള്ള യാത്രാ ബത്ത കിലോമീറ്ററിന് പത്ത് രൂപയില്‍ നിന്ന് 15 ആയി ഉയരും. ആകസ്മിക ചെലവുകള്‍ കിലോമീറ്ററിന് 50 പൈസയില്‍ നിന്ന് രണ്ട് രൂപയായും ദിനബത്ത 750 രൂപയില്‍ നിന്ന് 1000 രൂപയായും വര്‍ധിക്കും.

സംസ്ഥാനത്തിനകത്ത് വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് എം എല്‍ എമാര്‍ക്ക് കിലോമീറ്ററിന് നല്‍കുന്ന ബത്ത ഏഴ് രൂപയില്‍ നിന്ന് പത്ത് രൂപ ആകും. ദിനബത്ത 750 രൂപയില്‍ നിന്ന് 1,000 രൂപയാകും. സ്ഥിര ബത്തകള്‍ പ്രതിമാസം 1,000 രൂപയില്‍ നിന്ന് 2,000 രൂപയാകും. നിയോജക മണ്ഡലം ബത്ത പ്രതിമാസം 12,000 രൂപയില്‍ നിന്ന് 25,000 രൂപയാകും. ഏറ്റവും കുറഞ്ഞ യാത്രാബത്ത പ്രതിമാസം 15,000 രൂപയില്‍ നിന്ന് 20,000 രൂപയാകും. സംസ്ഥാനത്തിനകത്തും പുറത്തും ട്രെയിന്‍ യാത്രക്കുള്ള ബത്ത കിലോമീറ്ററിന് 50 പൈസയുള്ളത് ഒരു രൂപയാകും.

സംസ്ഥാനത്തിന് പുറത്തുള്ള ട്രെയിന്‍ യാത്രകള്‍ക്കുള്ള ആകസ്മിക ചെലവുകള്‍ കിലോമീറ്ററിന് 25 പൈസയില്‍ നിന്ന് ഒരു രൂപയാകും. സംസ്ഥാനത്തിന് പുറത്തുള്ള റോഡ് യാത്രക്കുള്ള ബത്ത കിലോമീറ്ററിന് ആറു രൂപയുള്ളത് 10 രൂപയാകും. ടെലിഫോണ്‍ ബത്ത പ്രതിമാസം 7,500 രൂപയില്‍ നിന്ന് 11,000 രൂപയാകും. ഇന്‍ഫര്‍മേഷന്‍ ബത്ത പ്രതിമാസം 1,000 രൂപയില്‍ നിന്ന് 4,000 രൂപയാകും. സംപ്റ്റിയൂബറി ബത്ത പ്രതിമാസം 3,000 രൂപയില്‍ നിന്ന് 8,000 രൂപയാകും. മുന്‍ എം എല്‍ എമാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലിലെ വ്യവസ്ഥയനുസരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എം എല്‍ എക്ക് ഇപ്പോള്‍ പെന്‍ഷനായി ലഭിക്കുന്ന 10,000 രൂപ 20,000 ആയി ഉയരും.