കെ എസ് ആര്‍ ടി സിയെ രക്ഷിക്കാനെത്തിയ സ്‌കാനിയ ബസുകളും നഷ്ടത്തില്‍

Posted on: March 27, 2018 6:08 am | Last updated: March 26, 2018 at 11:57 pm

പാലക്കാട്: കെ എസ് ആര്‍ ടി സി യെ രക്ഷിക്കാന്‍ വേണ്ടി ആരംഭിച്ച സ്‌കാനിയ ബസ് സര്‍വീസും വന്‍ നഷ്ടത്തില്‍. സ്വകാര്യ സര്‍വീസുകളുടെ മാതൃകയില്‍ ദീര്‍ഘ ദൂര സര്‍വീസ് നടത്തി വരുമാനം വര്‍ധിപ്പിക്കാമെന്ന ധാരണയില്‍ തുടക്കമിട്ട സ്‌കാനിയ ബസ് സര്‍വീസാണ് പരാജയമായത്. ആദ്യം അഞ്ച് സര്‍വീസ് നടത്തി വിജയിച്ചാല്‍ ഇത്തരം മാതൃകയില്‍ രാജ്യത്തിലുടനീളം സര്‍വീസ് നടത്തി വന്‍ലാഭമുണ്ടാക്കാമെന്ന് പ്രതീക്ഷയാണ് ഇതോടെ കൂപ്പുകുത്തിയത്. നിലവില്‍ സര്‍വീസ് നടത്തുന്ന അഞ്ച് ബസുകളില്‍ മാത്രം പ്രതിമാസം 12 ലക്ഷം രൂപയാണ് നഷ്ടം. നഷ്ടം കണക്കിലെടുത്ത് കരാര്‍ പുതുക്കേണ്ടെന്ന തീരുമാനത്തിലാണ് മാനേജ്‌മെന്റ്.

ദീര്‍ഘദൂര സര്‍വീസുകള്‍ സ്വന്തം നിലയില്‍ നടത്തുന്നതിനേക്കാള്‍ ലാഭകരമെന്ന കണക്കുകൂട്ടലിലാണ് കെ എസ് ആര്‍ ടി സി സ്വകാര്യ ഏജന്‍സിയില്‍ നിന്ന് സ്‌കാനിയ ബസുകള്‍ വാടകക്കെടുത്ത് ഓടിക്കാന്‍ തുടങ്ങിയത്. സര്‍വീസ് തുടങ്ങിയ നവംബര്‍ മുതല്‍ ജനുവരി വരെ മൂന്ന് മാസത്തെ നഷ്ടം 36 ലക്ഷം രൂപയാണ്.

കിലോമീറ്ററിന് 27 രൂപയാണ് ശരാശരി വാടക. ഡീസല്‍ ചെലവും കണ്ടക്ടറുടെ ശമ്പളവും ചേര്‍ത്താല്‍ കിലോമീറ്ററിന് ശരാശരി ചെലവ് 51 രൂപ. നിലവില്‍ ശരാശരി കലക്ഷന്‍ 46 രൂപയാണ്. അഞ്ച് സര്‍വീസുകളില്‍ ബെംഗളൂരുവിലേക്കുള്ള ഒരു സര്‍വീസ് മാത്രമാണ് ലാഭകരം.
തിരുവനന്തപുരം-മൂകാംബിക സര്‍വീസിന് തീരെ ആളെ കിട്ടാനില്ല. പല ബസുകള്‍ക്കും അന്തര്‍ സംസ്ഥാന പെര്‍മിറ്റ് കിട്ടാത്തതിനാല്‍ യാത്രാമധ്യേ യാത്രക്കാരെ വണ്ടി മാറ്റിക്കയറ്റുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് യാത്രക്കാരെ സ്‌കാനിയ സര്‍വീസില്‍ നിന്ന് അകറ്റുന്നതിനിടയാക്കി. ഏറെക്കുറെ ലാഭത്തില്‍ ഓടിച്ചിരുന്ന സ്വന്തം സ്‌കാനിയ വണ്ടികള്‍ പിന്‍വലിച്ചാണ് കെ എസ് ആര്‍ ടി സി സ്വകാര്യകമ്പനിയില്‍ നിന്ന് ഡ്രൈവറുള്‍പ്പെടെ വണ്ടി വാടകക്കെടുത്തത്. സ്വകാര്യ ബസ് സര്‍വീസിന്റെ മാതൃകയില്‍ ബസ് ലാഭകരമാക്കാമെന്നായിരുന്നു മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍, കെ എസ് ആര്‍ ടി സിക്ക് ബദലായി സ്വകാര്യബസ് മാതൃകയില്‍ സര്‍വീസ് നടത്തുന്നതിന് ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേവുമുണ്ടായിരുന്നു. തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഗതാഗത മന്ത്രിക്ക് ഉദ്ഘാടനച്ചടങ്ങ് പോലും ഉപേക്ഷിച്ചാണ് സ്‌കാനിയ ബസുകള്‍ നിരത്തിലിറങ്ങിയത്.