Gulf
നവീകരണത്തിന്റെ ഭാഗമായി ഷാര്‍ജ-ദുബൈ പ്രധാന പാതകള്‍ അടക്കുന്നു

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള പ്രധാന പാതകള്‍ നവീകരണത്തിന്റെ ഭാഗമായി താത്കാലികമായി അടക്കുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി. ഷാര്‍ജ ആര്‍ ടി എ അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചതാണിക്കാര്യം.
ഷാര്‍ജ വ്യാവസായിക മേഖല മൂന്നില്‍ ഇന്നലെ മുതല്‍ ഏപ്രില്‍ 15 വരെ റോഡുകള്‍ നവീകരണത്തിന്റെ ഭാഗമായി അടക്കുമെന്ന് അറിയിപ്പിലുണ്ട്. വ്യവസായ മേഖലയിലെ മറ്റ് റോഡുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ ഗതാഗത സ്തംഭനം ഒഴിവാക്കണം. വ്യവസായ മേഖല രണ്ട്, നാല് എന്നീ ഭാഗങ്ങളിലൂടെയുള്ള റോഡുകളിലൂടെ പകരം യാത്രാ സംവിധാനം കണ്ടെത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഷാര്‍ജ റിംഗ് റോഡ് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും വിപുലീകരണ പ്രവര്‍ത്തികള്‍ മൂലം നടത്തുന്ന മുന്‍ കരുതല്‍ പ്രവര്‍ത്തികളില്‍ യാത്രാപഥം മാറ്റേണ്ടി വരുമെന്നും അധികൃതരുടെ അറിയിപ്പിലുണ്ട്. ഷാര്‍ജ എമിറേറ്റിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തികള്‍. അല്‍ ബദാഈ മേല്‍പാല നിര്‍മാണ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ദുബൈ ഭാഗത്തേക്കുള്ള ഗതാഗതത്തിന്റെ തോത് കുറയുമെന്ന് യു എ ഇ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം അറിയിച്ചു.
20 കോടി ദിര്‍ഹം ചെലവില്‍ എമിറേറ്റ്‌സ് റോഡിനെയും ഷാര്‍ജ-മലീഹ ഹൈവേയും ബന്ധിപ്പിക്കുന്ന നവീകരണ പദ്ധതി പുരോഗമിക്കുകയാണ്. ഈ വര്‍ഷം ആഗസ്റ്റ് മാസത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാവും. ഷാര്‍ജ ഭാഗത്തു നിന്ന് ആറു വരി പാതയോട് കൂടിയ മേല്‍പ്പാലവും എമിറേറ്റ്‌സ് റോഡില്‍ നിന്ന് ഷാര്‍ജ-മലീഹ റോഡിനെ ബന്ധിപ്പിക്കുന്ന മൂന്ന് വരി പാതയും പ്രവര്‍ത്തന യോഗ്യമായാല്‍ ഈ മേഖലയിലെ ഗതാഗത സ്തംഭനത്തിന് വലിയൊരളവില്‍ കുറവ് വരുത്താന്‍ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.
പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ മണിക്കൂറില്‍ 17,700 വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പാകത്തിലുള്ളതാകും.
നിലവില്‍ 9,900 വാഹനങ്ങളെ ഉള്‍കൊള്ളാന്‍ പാകത്തിലുള്ളതാണ് ഈ മേഖലയിലെ റോഡുകള്‍. ഷാര്‍ജ-ദുബൈ എമിറേറ്റുകള്‍ക്കിടയില്‍ ഗതാഗതം സുഗമമാക്കുന്നതിന് ഇത്തിഹാദ് റോഡ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവിടങ്ങളില്‍ നവീകരണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
2021 ഓട് കൂടി ഈ മേഖലയില്‍ ഗതാഗതം പൂര്‍ണമായും ആയാസകരമാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.