സൗജന്യമായി 6,900 വീടുകളില്‍ അഗ്നിസുരക്ഷാ സംവിധാനം സ്ഥാപിക്കും

നിര്‍മിത ബുദ്ധിയുടെ സഹായത്താല്‍ ദുബൈയില്‍ സ്മാര്‍ട് അലാം സിസ്റ്റം
Posted on: March 26, 2018 8:28 pm | Last updated: March 26, 2018 at 8:28 pm

ദുബൈ: അഗ്‌നിസുരക്ഷാ ഉപകരണം സ്ഥാപിക്കാന്‍ സാമ്പത്തികമായി പ്രയാസമുള്ള 6,900 ഇമാറാത്തി വീടുകളില്‍ ദുബൈ സിവില്‍ ഡിഫന്‍സ് അടുത്തു തന്നെ അഗ്‌നി പ്രതിരോധ സംവിധാനം സൗജന്യമായി സ്ഥാപിക്കും. ദുബൈയില്‍ നടന്ന ഫയര്‍ സേഫ്റ്റി ഫോറത്തില്‍ ദുബൈ സിവില്‍ ഡിഫന്‍സ് സ്മാര്‍ട് സര്‍വീസ് ഡിപ്പാര്‍ട്‌മെന്റ് അസി. ഡയറക്ടര്‍ ലെഫ്. കേണല്‍ അലി ഹസ്സന്‍ അല്‍ മുതവ്വയാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹിക വികസന അതോറിറ്റിയുമായി ചേര്‍ന്നാണ് സിവില്‍ ഡിഫന്‍സ് സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചു നല്‍കുക. ആയിരം വീടുകളില്‍ സ്ഥാപിക്കാനുള്ള ഉപകരണങ്ങള്‍ യൂണിയന്‍ കോ-ഓപറേറ്റീവ് സൊസൈറ്റി നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവ സ്ഥാപിച്ചുതുടങ്ങും. തീപിടുത്ത സമയത്തെ പുക പിടിച്ചെടുത്ത് അലാം മുഴക്കുന്നതാണ് ഉപകരണം. ഈ സമയം തന്നെ ഓട്ടോമാറ്റിക് ആയി സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമിലേക്ക് തീപിടുത്ത വിവരം എത്തുകയും ചെയ്യും.

ഇക്കഴിഞ്ഞ ജനുവരി 22ന് ഫുജൈറയിലെ റൂള്‍ ദദ്‌ന ഗ്രാമത്തില്‍ സ്വദേശി കുടുംബത്തിലെ നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന ഏഴ് കുരുന്നുകള്‍ തീപിടുത്തത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കാലതാമസം കൂടാതെ രാജ്യത്തെ എല്ലാ സ്വദേശി വീടുകളിലും ഫയര്‍ അലാറം സംവിധാനം സ്ഥാപിക്കാന്‍ സിവില്‍ ഡിഫന്‍സ് അധികൃതരോട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന രീതിയിലുള്ള ഉപകരണം സ്ഥാപിക്കാന്‍ സാമ്പത്തികമായി പ്രയാസമുള്ളവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ശൈഖ് മുഹമ്മദ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഇതുവരെ 700 വീടുകളില്‍ ഫയര്‍ സേഫ്റ്റി സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അടുത്തു തന്നെ പുതിയ സ്മാര്‍ട് അലാം സിസ്റ്റം സ്ഥാപിക്കും. ഇതിന്റെ ഭാഗമായി ദുബൈയിലെ കെട്ടിടങ്ങളില്‍ സ്മാര്‍ട് പ്ലേറ്റുകളും ഘടിപ്പിക്കും. ഇതിലൂടെ മുമ്പുണ്ടായ അപകടങ്ങള്‍, തീപിടുത്തങ്ങള്‍ അടക്കമുള്ള കെട്ടിടങ്ങളുടെ മുഴുവന്‍ വിവരങ്ങളും സിവില്‍ ഡിഫന്‍സ് ഓപറേഷന്‍ റൂമില്‍ അറിയാനാകും. ഇത് അപകട സമയത്ത് അവസരോചിതമായി ഇടപെടാന്‍ സിവില്‍ ഡിഫന്‍സിന് സഹായകമാകുമെന്നും ലെഫ്. കേണല്‍ അലി ഹസ്സന്‍ അല്‍ മുതവ്വ പറഞ്ഞു. സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച അലാം സിസ്റ്റം ദുബൈയിലെ 67,000 കെട്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പഴയതും പുതിയതുമായ ഭവനങ്ങളിലും കെട്ടിടങ്ങളിലും സ്വദേശി, വിദേശി വേര്‍തിരിവില്ലാതെ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.