Connect with us

Kerala

നൈറ്റ് വാച്ച്മാന്‍ ഡ്യൂട്ടി സമയം പുനഃക്രമീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ നൈറ്റ് വാച്ച്മാനായി പ്രവര്‍ത്തിക്കുന്നവര്‍ 16 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.

പൊതുഭരണവകുപ്പ് സെക്രട്ടറിയും ഉദേ്യാഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറിയും ഒരു മാസത്തിനകം അന്വേഷണം നടത്തി നൈറ്റ് വാച്ച്മാന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനാവശ്യമായ പരിഹാര നടപടികള്‍ സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.

പി എസ് സി തയ്യാറാക്കുന്ന ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ നിന്നാണ് നൈറ്റ് വാച്ച്മാന്‍മാരെ നിയമിക്കുന്നത്. രാത്രികാലങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാറില്ലാത്തതു കാരണം പുരുഷന്മാരെയാണ് തിരഞ്ഞെടുക്കുന്നത്.

വൈകിട്ട് നാലരക്ക് ആരംഭിക്കുന്ന ജോലി അവസാനിക്കുന്നത് പിറ്റേന്ന് രാവിലെ എട്ടരക്കാണ്. രണ്ടാം ശനി, ഞായര്‍, ഓണം തുടങ്ങിയ അവധി ദിവസങ്ങളിലും ജോലി ചെയ്യണം. അവധിയെടുക്കണമെങ്കില്‍ പകരം ജോലിക്കാരെ കണ്ടെത്തണം.

വനിതാ അറ്റന്‍ഡന്റിന് സ്ഥാനക്കയറ്റം ലഭിച്ചാല്‍ നൈറ്റ് വാച്ച്മാനെ തസ്തിക മാറ്റം വഴി പകരം നിയമിക്കാമെങ്കിലും ജൂനിയര്‍ തസ്തികയിലായിരിക്കും നിയമിക്കപ്പെടുന്നത്്. ഒരേ ലിസ്റ്റില്‍ നിന്ന് വരുന്നവര്‍ക്കിടയിലെ വിവേചനം മനുഷ്യാവകാശ ലംഘനമാണ്. ആര്‍ അജിത്കുമാര്‍, അനില്‍കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.