Connect with us

Kerala

കേരളത്തിന്റെ ഭാവി നിര്‍ണയിച്ച് #ഫ്യൂച്ചര്‍

Published

|

Last Updated

കൊച്ചിയില്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടി ഹാഷ് ഫ്യൂച്ചറില്‍ റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ സംസാരിക്കുന്നു

സ്വപ്നം ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമുള്ള കേരളം

കൊച്ചി: സാങ്കേതികവിദ്യ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ കേരളം സമ്പൂര്‍ണമായും കറന്‍സിരഹിതമാവുകയും നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന കാലത്തെയാണ് ഉറ്റുനോക്കുന്നതെന്ന് സംസ്ഥാന ഐ ടി ഉന്നതാധികാര സമിതി (എച്ച് പി ഐ സി) അധ്യക്ഷന്‍ എസ് ഡി ഷിബുലാല്‍. “സാങ്കേതികവിദ്യാ ഭേദനവും ഉള്‍പ്പെടുത്തലും” എന്ന വിഷയത്തില്‍ കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടി ഹാഷ് ഫ്യൂച്ചറില്‍ നടന്ന ചര്‍ച്ചയിലാണ് മാറുന്ന പുതിയ കേരളത്തെപ്പറ്റിയുള്ള ഉള്‍ക്കാഴ്ചകള്‍ അദ്ദേഹം പങ്കുവച്ചത്. പുതിയ കേരളത്തെപ്പറ്റിയുള്ള ഷിബുലാലിന്റെ കാഴ്ചപ്പാടുകള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് അംഗങ്ങളും പൂര്‍ണ പിന്തുണ നല്‍കി.
സാങ്കേതിക വിദ്യ അതിവേഗം മാറിമറിയുമ്പോള്‍ മാലിന്യനിക്ഷേപം പൂജ്യത്തിലെത്തുകയും കാര്‍ബണ്‍ നിഷ്പക്ഷ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന്  ഷിബുലാല്‍ പറഞ്ഞു. ജല ലഭ്യതയുടെ കാര്യത്തില്‍ മലയാളി വെല്ലുവിളി നേരിടാന്‍ പോകുകയാണ്.

മാലിന്യനിക്ഷേപത്തിലൂടെ ജലസ്രോതസ്സുകള്‍ മലിനപ്പെടുത്താതിരിക്കാന്‍ സാങ്കേതികവിദ്യാ അഭിവൃദ്ധിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ വികസനമുള്ള പ്രദേശത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ കേരളം ലോകത്തിന്റെ മനസ്സിലെത്തണമെന്ന സ്വപ്‌നമാണ് ഡോവര്‍ കോര്‍പറേഷന്‍ ഗ്ലോബല്‍ സി  ഐ ഒ ഡിനു ജോണ്‍ പാറേല്‍ പങ്കുവച്ചത്. ഇന്ത്യയായിരിക്കണം ലോകത്ത് ഏറ്റവും ഡിജിറ്റല്‍ വികസനമുള്ള രാജ്യമെന്നും ഡിനു ജോണ്‍ പറഞ്ഞു. ഇലക്ട്രിക് വാഹനം മാത്രമുള്ള കേരളം സൃഷ്ടിക്കപ്പെടണമെങ്കില്‍ സര്‍ക്കാര്‍ നയങ്ങള്‍ അതനുസരിച്ച് മാറേണ്ടതുണ്ടെന്ന് ഓക്ക് റിജ് നാഷനല്‍ ലബോറട്ടറി ഡയറക്ടര്‍ ഡോ. തോമസ് സക്കറിയ പറഞ്ഞു. കാര്‍ബണ്‍ മലിനീകരണം മൂലമുണ്ടാകുന്ന കാലവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാകും പരിഹാരമെന്നും തോമസ് സക്കറിയ ചൂണ്ടിക്കാട്ടി.

ഗ്രാമനഗര വ്യത്യാസം വളരെക്കുറവുള്ള കേരളത്തില്‍ സ്മാര്‍ട് സിറ്റികള്‍ മാത്രമല്ല സ്മാര്‍ട് ഗ്രാമങ്ങളുമുണ്ടാകണമെന്ന് സിസ്‌കോ സിസ്റ്റംസ് എം ഡി  ഹരീഷ് കൃഷ്ണന്‍ പറഞ്ഞു. സാങ്കേതിക വിദ്യ വളരുമ്പോള്‍ നൂറുകണക്കിന് സ്മാര്‍ട് ഗ്രാമങ്ങള്‍ കേരളത്തിലുണ്ടാകണം. നഗരങ്ങള്‍ക്ക് തുല്യമായ ഉന്നതപഠനസൗകര്യം ഗ്രാമങ്ങളിലുമുണ്ടാക്കാന്‍ സാങ്കേതിക വളര്‍ച്ചക്ക് കഴിയണമെന്നും ഹരീഷ് കൃഷ്ണന്‍ പറഞ്ഞു. കേരളം തന്നെ ഒറ്റ സ്മാര്‍ട് നഗരമാകണമെന്ന് ഫഌക്‌സിറ്റ് ഗ്രൂപ്പ് സി ഇ ഒ വിനോദ് വാസുദേവന്‍ പറഞ്ഞു. വാഹനങ്ങളുടെ കാര്യത്തിലുള്‍പ്പെടെ ഉടമസ്ഥതയെക്കാള്‍ ഉപയുക്തതക്കാകണം മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കറന്‍സിരഹിത, കാര്‍ബണ്‍ നിഷ്പക്ഷ ഭാവിക്കായി എല്ലായ്‌പ്പോഴും നിരീക്ഷണവും പരിശോധനയും അത്യാവശ്യമാണെന്നും വര്‍ഷം തോറും ഇവയുടെ അവലോകനത്തിനായി ഹാക്കത്തണ്‍ പോലെയുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നും ഇന്‍സീഡ് പ്രഫസര്‍ സുബ്രഹ്മണ്യന്‍ രംഗന്‍ പറഞ്ഞു.

ഹാക്കത്തണില്‍ കേരളത്തിലെ ജീവിതത്തിന്റെ ഓരോ വിശദാംശവും പരിശോധിക്കപ്പെടണമെന്നും പ്രഫ. രംഗന്‍ നിര്‍ദേശിച്ചു. ടൈംസ് ഓഫ് ഇന്ത്യ കണ്‍സള്‍ടിംഗ് എഡിറ്റര്‍ സാഗരിക ഘോഷ് ചര്‍ച്ച നിയന്ത്രിച്ചു.

ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടി സമാപിച്ചു

കൊച്ചി: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിമര്‍ശനത്തിന് പ്രസക്തിയില്ലെന്നും ഒരു ടെലിഫോണ്‍ ഡയറക്ടറിയില്‍ ഉള്ളതില്‍ കൂടുതല്‍ വിവരം ആര്‍ക്കും ആധാറില്‍ നിന്ന് ചോര്‍ത്താനാകില്ലെന്നും കേന്ദ്ര ഐ ടി ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊച്ചിയില്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഡിജിറ്റല്‍ ഭാവിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യത്തിന് വേണ്ടി എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഐ ടി സമൂഹം ചിന്തിക്കണമെന്നും ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവമാണ് ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലേക്കുള്ള ഡിജിറ്റല്‍ വികസനത്തിന് രാഷ്ട്രീയം തടസ്സമല്ലെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നാസ്‌കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍, കെ പി എം ജി ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ കുമാര്‍, സ്മാര്‍ട്ട് സിറ്റി സി ഇ ഒ മനോജ് നായര്‍, സംസ്ഥാന ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിച്ചു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 700 ഓളം കമ്പനികളുടെ സി ഇ ഒമാരടക്കം 2,100 പ്രതിനിധികളാണ് രണ്ട് ദിവസം നടന്ന ഉച്ചകോടിയില്‍ പങ്കെടുത്തത്.

സ്തനാര്‍ബുദ നിര്‍ണയത്തിനായി “നിരാമയ്”

കൊച്ചി: 15 മിനിട്ടു കൊണ്ട് സ്തനാര്‍ബുദ നിര്‍ണയം നടത്താവുന്ന പരിശോധനാ സംവിധാനവുമായി ഹാഷ് ഫ്യൂച്ചര്‍ വേദിയില്‍ ശ്രദ്ധേയമായി “നിരാമയ്” എന്ന സ്റ്റാര്‍ട്ടപ്പ്.  പ്രാരംഭഘട്ടത്തില്‍, മുഴകള്‍ പ്രത്യക്ഷപ്പെടുന്നതിന് വളരെ മുമ്പ് തന്നെ സ്തനാര്‍ബുദം കണ്ടെത്താവുന്ന സോഫ്റ്റ്‌വെയറാണ് “നിരാമയ്” വികസിപ്പിച്ചിരിക്കുന്നത്. സ്വയം പരിശോധന, മാമ്മോഗ്രഫി എന്നിവയെക്കാള്‍ ഏറെ കൃത്യമായി രോഗ നിര്‍ണയം നടത്തുന്ന തെര്‍മാലിറ്റിക്‌സ് എന്ന സോഫ്റ്റ്‌വെയര്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന സ്തനാര്‍ബുദത്തില്‍ നിന്ന് പരിരക്ഷ വാഗ്ദാനം ചെയ്യുന്നതാണ്. നിര്‍മിത ബുദ്ധി, ഡാറ്റ അനലിറ്റിക്‌സ്, മെഷീന്‍ ലേണിംഗ് എന്നിവയില്‍ വിദഗ്ധയും ബംഗളൂരു ഐ ഐ എസിയില്‍ നിന്നുള്ള ഗവേഷണ ബിരുദധാരിയുമായ ഗീത മഞ്ജുനാഥും ബെംഗളൂരു ഐ ഐ എമ്മില്‍നിന്ന് എം ബി എ നേടിയ നിധി മാത്തൂരും ചേര്‍ന്നാണ് നിരാമയ് സ്ഥാപിച്ചിരിക്കുന്നത്.

മാമ്മോഗ്രഫിയിലൂടെ കണ്ടുപിടിക്കാനാവുന്നതിന്റെ അഞ്ചിലൊന്ന് വലിപ്പം മാത്രമുള്ള മുഴകള്‍ തെര്‍മോലിറ്റിക്‌സ് സംവിധാനത്തിലൂടെ കണ്ടെത്താനാകുമെന്ന് നിരാമയ് സി ഒ ഒ നിധി മാത്തൂര്‍ പറഞ്ഞു. മാമ്മോഗ്രഫിയിലേത് പോലെ റേഡിയേഷന്‍ ഉപയോഗിച്ചല്ല തെര്‍മോലിറ്റിക്‌സ് പരിശോധന. ശരീര ഊഷ്മാവിലുള്ള വ്യത്യാസത്തില്‍ നിന്നാണ് രോഗനിര്‍ണയം. നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതാണ് തെര്‍മോലിറ്റിക്‌സ് സോഫ്റ്റ്‌വെയര്‍. പരിശോധനക്കെത്തുന്നവര്‍ക്ക് ഒരു തിരശ്ശീലക്ക് പിന്നില്‍ നിന്നാല്‍ മതി.  സ്പര്‍ശിക്കേണ്ടി വരുന്നില്ലെന്നതും വേദനയുമുണ്ടാവില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.

 

സാങ്കേതിക വിദ്യാ വികസനം തൊഴിലിന് ഭീഷണിയാകില്ല: രഘുറാം രാജന്‍

കൊച്ചി: നിര്‍മിത പൊതുബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്) യന്ത്രമനുഷ്യനും എത്രത്തോളം വളര്‍ന്നാലും മനുഷ്യന്റെ നിശ്ചിത തൊഴില്‍ അവസരങ്ങള്‍ക്ക് ഭീഷണിയുണ്ടാകില്ലെന്ന് റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണറും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍മിത ബുദ്ധിയും യന്ത്രമനുഷ്യനും ഉടന്‍ തന്നെ മനുഷ്യന്റെ ജോലികള്‍ക്ക് പകരമാകുമെന്ന ഭീഷണി അമ്പതുകള്‍ മുതലുണ്ടെന്ന് രഘുറാം രാജന്‍ പറഞ്ഞു. എന്നാല്‍ നൈപുണ്യവും സഹാനുഭൂതിയും ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ ഇന്നും മനുഷ്യന്റെ ആധിപത്യമാണ് തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അവിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. എന്നാല്‍ നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് ജോലി അവസരങ്ങള്‍ വര്‍ധിക്കുകയാണെന്നും നഴ്‌സിംഗ് അടക്കമുള്ളവ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ കഴിവതും ഇന്ത്യയില്‍ നിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ വന്നാല്‍ ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥക്ക് അത് കൂടുതല്‍ കരുത്തു പകരും. നഷ്ടത്തെക്കുറിച്ചുള്ള ആശങ്ക അതിജീവിച്ച് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായ ഫണ്ട് രൂപവത്കരിക്കണം. രാജ്യത്തെ ഡാറ്റയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഐസിഫോസുമായി റെഡ് ഹാറ്റ് സഹകരിക്കും

കൊച്ചി: സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ (ഐസിഫോസ്) എന്നിവയുമായി പ്രമുഖ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദാതാക്കളായ റെഡ് ഹാറ്റ് സഹകരിച്ച് പ്രവര്‍ത്തിക്കും. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മ എന്നിവയടങ്ങുന്ന ബൃഹദ് സമൂഹത്തെ സഹായിക്കുന്നത് ലക്ഷ്യമാക്കിയാണ്  ഈ സഹകരണം. ഇതിനായി സ്റ്റാര്‍ട്ടപ്പ് മിഷനും ഐസിഫോസിനും വിപണന സഹായവും സാങ്കേതിക വൈദഗ്ധ്യവും റെഡ് ഹാറ്റ് നല്‍കും.  ഇത് കൂടാതെ ഫോസ് സംരംഭകത്വ സോണും രൂപവത്കരിക്കും. ഐ സി ടി അക്കാദമിയുമായി സഹകരിച്ച് റെഡ്ഹാറ്റ് വിപുലമായ നൈപുണ്യ പദ്ധതി നടപ്പാക്കും. കേരളത്തിലെ എന്‍ജിനീയറിംഗ്, ശാസ്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയായിരിക്കും ഇത്. എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ ഐസിഫോസ് മുന്നോട്ടുവച്ച മൈനര്‍ ബിരുദ കോഴ്‌സിന് പുറമെയാണിത്. സ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ഐസിഫോസിന്റെയും പദ്ധതികള്‍ നടപ്പാക്കുന്നതിലും  റെഡ് ഹാറ്റ് സഹകരിക്കും. ഐ ടി സെക്രട്ടറി എം ശിവശങ്കറും റെഡ് ഹാറ്റ് എം ഡി രജീഷ് റെഗെ, സെയില്‍സ് മേധാവി പലശേന്ദു ഭട്ടാചാര്യ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.

Latest