Connect with us

Kerala

ഡല്‍ഹി കേരളാഹൗസില്‍ പുതിയ അതിഥി മന്ദിരം നിര്‍മിക്കും

Published

|

Last Updated

തിരുവനന്തപുരം: ഡല്‍ഹിയിലെ കേരളാഹൗസ് കോമ്പൗണ്ടില്‍ 150 മുറികള്‍, ഡോര്‍മിറ്ററികള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ബിസിനസ് സെന്റര്‍ എന്നിവയോടുകൂടിയ അതിഥി മന്ദിരം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇതുള്‍പ്പെടെ ഡല്‍ഹിയില്‍ കേരളത്തിനുള്ള വസ്തുക്കളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. ഈ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരളപ്പിറവി ദിനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ സി ജോസഫിന്റെ സബ്മിഷന്് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കേരള ഹൗസ് ജീവനക്കാരുടെ താമസ സൗകര്യത്തിനായി ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഫഌറ്റുകള്‍ വാങ്ങി ക്വാര്‍ട്ടേഴ്‌സായി അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് യാത്രക്ക് ഒരു പ്രശ്‌നവുമില്ല. ഡല്‍ഹി മെട്രോ സമീപത്താണ്. അതിഥി മന്ദിരത്തിന്റെ നടത്തിപ്പിനാവശ്യമായ അവശ്യജീവനക്കാര്‍ക്ക് അതിഥി മന്ദിരത്തിനു സമീപം തന്നെ ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കും.

ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഹൗസ്, കപൂര്‍ത്തല പ്ലോട്ട് എന്നിവയുടെ സമഗ്ര വികസനത്തിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. നിലവിലുള്ള ട്രാവന്‍കൂര്‍ പാലസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിവരുന്നു.
കേരളത്തിന്റെ സാംസ്‌കാരികത്തനിമ നിലനിര്‍ത്തുന്ന ഒരു സാംസ്‌കാരിക സമുച്ചയമായി ഈ കെട്ടിടത്തെ വികസിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആര്‍ട്ട് ഗ്യാലറി, മ്യൂസിയം, ലൈബ്രറി, ഓഡിറ്റോറിയം, വിവിധ ഓഫീസുകള്‍, എക്‌സിബിഷന്‍ ഹാള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ആയൂര്‍വേദ ആശുപത്രി, പഠനകേന്ദ്രം ഉള്‍പ്പെടെയുള്ള ഹബ്ബായി കപൂര്‍ത്തല പ്ലോട്ടിനെ വികസിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest