Connect with us

Ongoing News

സച്ചിന് വിക്കറ്റ് തയ്യാറാക്കാന്‍ അറിയില്ലെന്ന് കെസിഎ

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി സ്‌റ്റേഡിയത്തിലെ ലോകോത്തര നിലവാരമുള്ള പുല്‍ത്തകിടി നശിപ്പിച്ച് ഇന്ത്യ- വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതില്‍ ആശങ്കയറിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ തള്ളി കേരള ക്രിക്കറ്റ് അസോസിയേഷന്‍.

സച്ചിന് വിക്കറ്റ് തയ്യാറാക്കാന്‍ അറിയില്ലെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന സച്ചിന്റെ നിലപാട് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ ഉടമയായതു കൊണ്ടാണ്. കൊച്ചിയിലെ സ്‌റ്റേഡിയം വളരെ വലുതാണ്. ക്രിക്കറ്റ് മത്സരം കൂടി കണക്കിലെടുത്താണ് സ്‌റ്റേഡിയം ഇത്രയും വലുതായി നിര്‍മിച്ചത്. ക്രിക്കറ്റ് നടക്കുന്നതോടൊപ്പം ഫുട്‌ബോളും നടക്കണമെന്ന് തന്നെയാണ് കെ.സി.എ ആഗ്രഹിക്കുന്നത്. ഇത് സംബന്ധിച്ച് ശശി തരൂര്‍ എം.പിയുടെ വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നായിരുന്നു സച്ചിന്റെ അഭ്യര്‍ഥന. ഫിഫ അംഗീകരിച്ച ലോക നിലവാരത്തിലുള്ള പുല്‍ത്തകിടിയാണ് കൊച്ചിയിലേത്. ക്രിക്കറ്റും (തിരുവനന്തപുരം) ഫുട്‌ബോളും (കൊച്ചി) സഹവര്‍ത്തിത്വത്തോടെ നിലനില്‍ക്കുന്ന തരത്തില്‍ ശരിയായ തീരുമാനമെടുക്കാന്‍ കെസിഎക്ക് കഴിയണം. ക്രിക്കറ്റിന്റെയും ഫുട്‌ബോളിന്റെയും ആരാധകരെ നിരാശപ്പെടുത്തരുത്”-സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ഐഎസ്എല്‍ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി സ്‌റ്റേഡിയം.