ദുബൈ, അബുദാബി നഗരങ്ങളുടെ മുഖച്ഛായ മാറ്റാന്‍ 3,000 കോടി ദിര്‍ഹമിന്റെ പദ്ധതി

Posted on: March 21, 2018 10:39 pm | Last updated: March 21, 2018 at 10:39 pm

ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമാര്‍ പ്രോപ്പര്‍ടീസും അബുദാബിയിലെ അല്‍ദാര്‍ ഗ്രൂപ്പും സംയുക്തമായി പുതിയ സംരംഭത്തിന് കൈകോര്‍ക്കുന്നു. 3000 കോടി ദിര്‍ഹം ചെലവില്‍ ലോകത്തെ ഏറ്റവും മികച്ച കെട്ടിടസമുച്ചയങ്ങളായി മാറുന്ന പദ്ധതിയാണ് ഒരുക്കുന്നത്. ടൂറിസം യു എ ഇയുടെ ആകാശത്തെ തൊടുന്ന വിധത്തില്‍ ആഗോളത്തില്‍ കൂടുതല്‍ ശ്രദ്ധാ കേന്ദ്രമാകുമെന്നാണ് കരുതുന്നത്. യു എ ഇയുടെ വാസ്തു ശില്‍പ ചാരുത ലോക തലത്തില്‍ കൂടുതല്‍ ഖ്യാതി ഉയര്‍ത്തുമാര്‍ നിര്‍മാണം പുരോഗമിക്കാന്‍ തുടങ്ങുന്ന പദ്ധതിയുടെ പ്രഖ്യാപന ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
യു എ ഇയുടെ ടൂറിസം മേഖലയില്‍ നാഴികക്കല്ലാകുന്ന പദ്ധതി സഹവര്‍ത്തിത്വത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ പുരോഗതിയില്‍ സഹകരണത്തിന്റെ പാത തെരഞ്ഞെടുത്തത് വികസനത്തിന്റെ ഗതി കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ട്വിറ്ററിലൂടെ പങ്കുവെച്ചു.

ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമാകുന്ന 3000 കോടി ദിര്‍ഹമിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കാണ് ഇരു ഗ്രൂപ്പുകളും പരസ്പരം ധാരണയായിട്ടുള്ളത്.

പദ്ധതിയുടെ പ്രധാന ഭാഗങ്ങള്‍ അബുദാബിയിലും ദുബൈയിലുമായി വ്യാപിച്ചുകിടക്കും. അബുദാബി സാദിയത് ദ്വീപിനോട് ചേര്‍ന്ന സാദിയത് ഗ്രോവ്, ജുമൈറ ബീച്ച് റസിഡന്‍സ്, പാം ജുമൈറ എന്നിവക്കിടയില്‍ പൂര്‍ത്തിയാക്കുന്ന എമാര്‍ ബീച്ച് ഫ്രന്റ് എന്നിവയാണ് ധാരണയനുസരിച്ചു ദുബൈയുടെയും അബുദാബിയുടെയും ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കുന്ന സവിശേഷ നിര്‍മിതികള്‍.

സാദിയത് ദ്വീപിലെ പദ്ധതിയില്‍ ലോകോത്തരമായ മൂന്നു മ്യൂസിയങ്ങള്‍, സവിശേഷകരമായ താമസ കേന്ദ്രങ്ങള്‍, മനുഷ്യ നിര്‍മിതമായ ഹരിതാഭ അന്തരീക്ഷമൊരുക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങള്‍, എമിറേറ്റിന്റെ ഉന്നതമായ വസ്തു ശില്പ ചാരുത എന്നിവ സമ്മേളിക്കുന്നതാകും.

ദുബൈയില്‍ ഒരുങ്ങുന്ന പദ്ധതി ഉന്നതമായ സവിശേഷ ജീവിത നിലവാരമൊരുക്കുന്ന പ്രത്യേക സ്വകാര്യ ദ്വീപായിരിക്കും. 1.5 കിലോമീറ്റര്‍ നീളുന്ന വെള്ളാരം മണല്‍ വിരിച്ച പ്രത്യേക കടല്‍ തീരം ദ്വീപിന്റെ സവിശേഷതകളില്‍ ഒന്നാകും. പ്രത്യേകമായ കളിസ്ഥലങ്ങള്‍, ചില്ലറ വ്യാപാര ശൃഖലകള്‍, 7,000 താമസ കേന്ദ്രങ്ങള്‍ തുടങ്ങിയവ ദ്വീപിനെ കൂടുതല്‍ ലോകോത്തരമാക്കും.

ശൈഖ് സായിദ് റോഡ്, ദുബൈ മറീന എന്നിവിടങ്ങളില്‍ നിന്ന് അതി വേഗം എത്തിച്ചേരുന്നതിന് ഇതിനോടനുബന്ധിച്ചു ഗതാഗത സൗകര്യവുമൊരുക്കും.