Connect with us

Kerala

മാണിയുമായി സഹകരണം; ബി ജെ പിയില്‍ പൊട്ടിത്തെറി

Published

|

Last Updated

കൊല്ലം: കേരള കോണ്‍ഗ്രസ്- എമ്മുമായുള്ള സഹകരണത്തെച്ചൊല്ലി ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇന്നലെ കൊല്ലത്ത് നടന്ന ബി ജെ പി കോര്‍ കമ്മറ്റി യോഗത്തില്‍ പാര്‍ട്ടി മുന്‍ അധ്യക്ഷനും നിയുക്ത എം പിയുമായ വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. മുരളീധരന്റെ പ്രസ്താവന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും കുമ്മനം രാജശേഖരന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. സ്വന്തം കാര്യം നേടിയതിന് ശേഷം മുരളീധരന്‍ കലം ഉടക്കുകയാണെന്നായിരുന്നു എം ടി രമേശിന്റെ വിമര്‍ശം. വിമര്‍ശം രൂക്ഷമായതോടെ യോഗത്തില്‍ ഒറ്റപ്പെട്ട വി മുരളീധരന്‍ മുന്‍ നിലപാടുകള്‍ തിരുത്തി. തിരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും അതുതന്നെയാണ് തന്റെയും നിലപാടെന്നും മുരളീധരന്‍ അറിയിച്ചു. ബി ഡി ജെ എസിന് അര്‍ഹമായ പരിഗണന നല്‍കി, കൂടെ നിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് കോര്‍കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് അവസാനിച്ചത്.

ഈ മാസം 17ന് ബി ജെ പി കേന്ദ്ര നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് കെ എം മാണിയുടെ പാലായിലെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച. തൊട്ടുപിന്നാലെ മാണിയെ എന്‍ ഡി എയിലേക്ക് കുമ്മനം ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊലപാതകികളുടെയും പിന്തുണ തേടുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഇതിനോട് വി മുരളീധരന്റെ പ്രതികരണം. മാണി കൊള്ളക്കാരനാണെന്ന് ആവര്‍ത്തിച്ച മുരളീധരന്‍ അദ്ദേഹത്തെ എന്‍ ഡി എയില്‍ എടുക്കില്ലെന്നും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതാണ് മറ്റ് നേതാക്കളെ ചൊടിപ്പിച്ചത്. ഇതിനിടെ മുരളീധരന്റെ പ്രസ്താവന തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചെങ്ങന്നൂരിലെ ബി ജെ പി സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍ പിള്ളയും രംഗത്ത് വന്നിരുന്നു. കെ എം മാണി കൊള്ളക്കാരനാണെന്ന നിലപാട് തനിക്കില്ലെന്നും കമ്മ്യൂണിസ്റ്റുകാരെയോ കോണ്‍ഗ്രസുകാരെയോ പോലെ തൊട്ടുകൂടായ്മയില്‍ വിശ്വസിക്കുന്നില്ലെന്നുമായിരുന്നു ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത്.

അതേസമയം, പരിശ്രമിച്ചാല്‍ ലഭിക്കുന്ന മണ്ഡലം നേതാക്കന്മാരുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നഷ്ടപ്പെടുത്തരുതെന്നും പരസ്യപ്രസ്താവനകളും പഴിചാരലുകളും അവസാനിപ്പിക്കണമെന്നും ബി ജെ പി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇനി ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ ചെങ്ങന്നൂരിലെ ബി ജെ പി സ്ഥാനാര്‍ഥിയുടെ പരാജയം ഉറപ്പുവരുത്താനുള്ള ശ്രമമമാണ് വി മുരളീധരന്റേതെന്ന് കേരള കോണ്‍ഗ്രസ്- എം ജനറല്‍ സെക്രട്ടറി റോഷി അഗസ്റ്റിന്‍ എം എല്‍ എ ആരോപിച്ചു. ബി ജെ പിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസിനെ കരുവാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരില്‍ ആരുടെ വോട്ടും സ്വീകരിക്കും: മുരളീധരന്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് നിയുക്ത രാജ്യസഭാ അംഗവും ബി ജെ പി നേതാവുമായ വി മുരളീധരന്‍. ഇക്കാര്യത്തില്‍ സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായം തന്നെയാണ് തനിക്കുള്ളത്. ബി ഡി ജെ എസുമായുള്ള വിഷയം വൈകാതെ തീരുമാനമെടുക്കും. അവരുമായി യാതൊരു പ്രശ്‌നവുമില്ല. എന്‍ ഡി എയുടെ ഭാഗമായി തന്നെ ബി ഡി ജെ എസ് ഉണ്ടാകും. അര്‍ഹമായ പരിഗണന നല്‍കി അവരെ കൂടെനിര്‍ത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

 

Latest