Connect with us

Gulf

അല്‍ ഐന്‍ റോഡിനെയും ജബല്‍ അലിയെയും ബന്ധിപ്പിക്കുന്ന പാത നാളെ മുതല്‍

Published

|

Last Updated

ദുബൈ: ജബല്‍ അലി, അല്‍ ഐന്‍ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ ലിങ്ക് റോഡ് നാളെ മുതല്‍ പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. 25 കിലോമീറ്ററില്‍ നീളുന്ന പാത മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവക്ക് സമാന്തരമായിട്ടാണ് ഒരുക്കിയിട്ടുള്ളത്. അക്കാദമിക് സിറ്റിയില്‍ നിന്ന് ജബല്‍ അലി അല്‍ യലായിസ് റോഡിലേക്ക് നീളുന്നതാണ് പാത. ഈ മേഖലയില്‍ ഉള്ളവര്‍ക്ക് ജബല്‍ അലി, അല്‍ ഐന്‍ റോഡ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വളരെ എളുപ്പം സാധിക്കുമെന്നതാണ് റോഡിന്റെ സവിശേഷത.

47.4 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിച്ച പാതയിലൂടെ സിറ്റി ഓഫ് അറേബ്യ, ഗ്ലോബല്‍ വില്ലജ്, അറേബ്യന്‍ റേഞ്ചേഴ്‌സ്, ദുബൈ സ്‌പോര്‍ട്‌സ് സിറ്റി എന്നിവിടങ്ങളിലേക്ക് അനായാസം എത്തിച്ചേരുന്നതിന് എട്ട് വരിയിലുള്ള ഇവിടുത്തെ പാത സഹായിക്കും. ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റിന്റെ വിപുലീകരണം 25 കിലോമീറ്റര്‍ നീളുന്ന പുതിയ പാതയുടെ നിര്‍മാണവും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. അല്‍ ഐന്‍ റോഡിനെ ബന്ധിപ്പിക്കുന്ന പാത അല്‍ യലായിസ് റോഡിലെ റൗണ്ട് എബൗട്ടിലേക്ക് നീളുന്നതാണെന്ന് പദ്ധതിയുടെ പ്രവര്‍ത്തനമാരംഭിക്കുന്നതിനെ കുറിച്ച് വിശദീകരിച്ച റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക് ഏരിയ വരെ പാത നീളുമെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സ്‌പോ 2020യുടെ നിര്‍മാണ പദ്ധതികളോട് അനുബന്ധിച്ചുള്ളതാണ് പുതിയ പാത. ഈ മേഖലയിലെ ഗതാഗതം സുഗമമാക്കി ജനങ്ങള്‍ക്ക് അനായാസയാത്രാ സംവിധാനം ഒരുക്കുകയെന്നതാണ് ആര്‍ ടി എ ലക്ഷ്യമിടുന്നത്. നിലവിലെ റോഡ് ശൃംഖലകള്‍ നവീകരിച്ചും മെട്രോ പാതകള്‍ വിപുലപ്പെടുത്തിയും പൊതുഗതാഗത സൗകര്യങ്ങള്‍ അധികരിപ്പിച്ചുമാണ് പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ശൈഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റില്‍ നിന്ന് എമിറേറ്റ്‌സ് റോഡിലേക്ക് നീളുന്ന നാല് കിലോമീറ്ററിലുള്ള പുതിയ ലിങ്ക് പാതയും ഇതോടൊപ്പം പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Latest