ക്യാമ്പ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി

രാജ്യത്തെ റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ജീവിത നിലവാരം
Posted on: March 20, 2018 6:08 am | Last updated: March 20, 2018 at 12:07 am

ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ജീവിത നിലവാരം സംബന്ധിച്ച് ക്യാമ്പ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ജീവിതവുമായി ബന്ധപ്പെട്ട് 2013ല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് ഉത്തരവ്. ശൗചാലയങ്ങളും കുടിവെള്ളവുമില്ലാതെയാണ് റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകളെന്നും കുട്ടികള്‍ വയറിളക്കം പോലുള്ള രോഗങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ക്ലോളിംഗ് കോണ്‍സാല്‍വസ് വ്യക്തമാക്കി. ഇവര്‍ക്ക് ആശുപത്രികളിലും സ്‌കൂളുകളിലും പ്രവേശനം നല്‍കുന്നില്ല. റോഹിംഗ്യന്‍ ക്യാമ്പില്‍ സന്നദ്ധ സംഘടനകള്‍ തയ്യാറാക്കിയ വീഡിയോയും അദ്ദേഹം ഹാജരാക്കി. റോഹിംഗ്യകളുമായി ബന്ധപ്പെട്ട മറ്റ് ഹരജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകളുടെ നിലവിലെ സ്ഥിതി വളരെ ദയനീയമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കുമെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതിനിടെയാണ് അഭയാര്‍ഥികളുടെ ജീവിത നിലവാരവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് പരമോന്നത കോടതി ഇടപെടരുതെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

അതിനിടെ രാജ്യത്തേക്കെത്തുന്ന റോഹിംഗ്യകള്‍ നുഴഞ്ഞു കയറ്റക്കാരാണെന്ന വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് സുരേഷ് ചന്ദ്ര രംഗത്തെത്തി. പൊഖ്റാനില്‍ നടക്കുന്ന ഹിന്ദു ജാഗ്രത് സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ചന്ദ്ര റോഹിംഗ്യകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ജൂതരെയും പാഴ്സികളെയുമടക്കം രാജ്യത്ത് അഭയം തേടിയെത്തിയവരെയെല്ലാം സ്വീകരിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും എന്നാല്‍ റോഹിംഗ്യകളെ അഭയാര്‍ഥികളായി കാണാനാകില്ലെന്നുമാണ് സുരേഷ് ചന്ദ്ര പറഞ്ഞത്.