Connect with us

National

കേജ്‌രിവാള്‍ മാപ്പ് പറഞ്ഞു; ഗഡ്കരി കേസ് പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:  മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കോണ്‍ഗ്രസ് നേതാവ് കബില്‍ സിബലിനോടും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടും മാപ്പുപറഞ്ഞു. പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഫയല്‍ ചെയ്ത മാനനഷ്ടക്കേസുകള്‍ ഒത്തുതീര്‍ക്കാമെന്ന ധാരണയിലാണ് മാപ്പുപറച്ചിലെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ, അകാലിദള്‍ മന്ത്രിയായിരുന്ന ബിക്രം മജിതിയയോടും കേജ്‌രിവാള്‍ മാപ്പു ചോദിച്ചിരുന്നു.

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ നടത്തിയ ആരോപണത്തില്‍ ക്ഷമാപണം നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് ഗഡ്കരിക്ക് കേജ്‌രിവാള്‍ കത്തയച്ചു. താങ്കളെക്കുറിച്ച് ഞാന്‍ ചില പ്രസ്താവനകള്‍ നടത്തിയത് കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാതെയായിരുന്നു. താങ്കളോട് വ്യക്തിപരമായി യാതൊരു വിദ്വേഷവും ഇല്ല. ഇത്തരമൊരു സംഭവത്തില്‍ ഞാന്‍ ഖേദിക്കുന്നു. ഈ പ്രശ്‌നം നമുക്ക് ഇവിടെവെച്ച് അവസാനിപ്പിക്കുകയും കോടതി നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യാമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.

തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും കേജ്‌രിവാള്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസില്‍ അരവിന്ദ് കേജ്‌രിവാളിനെതിരെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് കുറ്റം ചുമത്തിയിരുന്നത്.

2014 ജനുവരി 31ന് ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പട്ടികയില്‍ നിതിന്‍ ഗഡ്കരിയും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഗഡ്കരി കേജ്‌രിവാളിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

വിക്രം മജിതിയയോടു കേജ്‌രിവാള്‍ മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പഞ്ചാബ് അധ്യക്ഷന്‍ സ്ഥാനം രാജിവച്ചിരുന്നു. അതിനിടെയാണ് വീണ്ടും മാപ്പ് അപേക്ഷയുമായി കേജ്‌രിവാള്‍ എത്തിയത്.

Latest