Connect with us

National

കാലിത്തീറ്റ കുംഭകോണം: നാലാം കേസിലും ലാലു കുറ്റക്കാരന്‍

Published

|

Last Updated

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാം കേസിലും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. മറ്റ് പത്തൊമ്പത് പ്രതികളും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. കേസില്‍ പ്രതിയായിരുന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 12 പേരെ കോടതി വെറുതെവിട്ടു.

1995-96ല്‍ ദുംക ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ നല്‍കി 3.13 കോടി തട്ടിയെടുത്ത കേസിലാണ് വിധി. കേസില്‍ 48 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയത്. വിചാരണ സമയത്ത് 14 പേര്‍ മരിക്കുകയും രണ്ടുപേര്‍ മാപ്പുസാക്ഷികളാകുകയും ചെയ്തതോടെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. മാര്‍ച്ച് അഞ്ചിന് വിചാരണ പൂര്‍ത്തിയായി. ആറ് കാലിത്തീറ്റ കേസുകളില്‍ മൂന്നെണ്ണത്തില്‍ നേരത്തെ വിധി പ്രഖ്യാപിച്ചിരുന്നു. 2013ല്‍ ആദ്യ കേസില്‍ ലാലുവിന് അഞ്ചര വര്‍ഷം തടവും പിഴയുമാണ് വിധിച്ചത്. രണ്ടാം കേസില്‍ മൂന്നരവര്‍ഷവും മൂന്നാം കേസില്‍ അഞ്ചുവര്‍ഷവും തടവുശിക്ഷ ലഭിച്ചു. ജഗന്നാഥിനെ രണ്ടു കേസുകളിലാണു ശിക്ഷിച്ചത്.

നിലവില്‍ ബിര്‍സാ മുണ്ടാ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ ദേഹാസാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുമെന്ന് അധികൃതര്‍ പറഞ്ഞു.

Latest