Connect with us

Kerala

സഹകരണ ബേങ്കുകളില്‍ ക്ലര്‍ക്ക് തസ്തിക നികത്തുന്നതിന് നിയന്ത്രണം

Published

|

Last Updated

പാലക്കാട്: നേരിട്ടുള്ള ഉദ്യോഗക്കയറ്റംവഴി സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബേങ്കുകളിലെ ക്ലര്‍ക്ക് തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിന് രജിസ്ട്രാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. സഹകരണ ബേങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബേങ്കുകള്‍, അര്‍ബന്‍ ബേങ്കുകള്‍ എന്നിവിടങ്ങളിലെ സ്ഥാനക്കയറ്റത്തിനാണ് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവിട്ടത്. 2014ല്‍ സഹകരണ സംഘങ്ങളിലെ സ്ഥാനക്കയറ്റം 1:4 എന്ന അനുപാതത്തിലായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ കാലാവധി 2017 നവംബറില്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് സഹകരണസംഘം രജിസ്ട്രാര്‍ ഡോ. ഡി സജിത് ബാബു പുതുക്കിയ ഉത്തരവിട്ടത്.

സഹകരണ പരീക്ഷാബോര്‍ഡ് വഴി നാല് ക്ലര്‍ക്കുമാര്‍ക്ക് നേരിട്ട് നിയമനം നല്‍കിയതിന് ശേഷമേ തസ്തികകളില്‍നിന്ന് ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പാടൂള്ളൂവെന്ന് ഉത്തരവിലുണ്ട്. ജൂനിയര്‍ ക്ലര്‍ക്കിന് താഴെയുള്ള പ്യൂണ്‍, അറ്റന്‍ഡര്‍, നൈറ്റ് വാച്ച്മാന്‍, സെയില്‍സ്മാന്‍ തസ്തികകളിലേക്ക് അതത് സഹകരണ ബേങ്കുകളാണ് നിയമനം നടത്തുന്നത്. ഇങ്ങനെ നിയമനം ലഭിച്ച സബ് സ്റ്റാഫ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സഹകരണ ബേങ്കുണ്ടാക്കിയിട്ടുള്ള പോഷകവിഭാഗം ഉപനിബന്ധന മറയാക്കി ഉദ്യോഗക്കയറ്റം നല്‍കുന്നത് അഴിമതിക്ക് കാരണമാകുന്നുവെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് സ്ഥാനക്കയറ്റത്തിന് സര്‍ക്കാര്‍ നിബന്ധന ഏര്‍പ്പെടുത്തിയത്. ഇതിനായി സഹകരണസംഘം നിയമം ചട്ടത്തില്‍ ഭേദഗതി വരുത്തിയിരുന്നു. 2014ല്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവാണിത്.

ജൂനിയര്‍ ക്ലര്‍ക്കിന് മുകളിലെ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് സഹകരണ പരീക്ഷാബോര്‍ഡ് മുഖേനയാണ് നിയമനനടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്തെ 11,908 സഹകരണ സംഘങ്ങളിലും 3631 വായ്പാസംഘങ്ങളിലും 60 അര്‍ബന്‍ ബേങ്കുകളിലും ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ നിയമനം നടത്താനുള്ള ചുമതല സഹകരണ പരീക്ഷാബോര്‍ഡിനാണ്. എന്നാല്‍ ഒട്ടുമിക്ക സഹകരണ ബേങ്കുകളും ഈ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ പരീക്ഷാബോര്‍ഡിനെ അറിയിക്കാറില്ലെന്നും വ്യാപകമായ പരാതിയുണ്ട്. ക്ലര്‍ക്ക് തസ്തികയിലേക്കുള്ള നിയമനത്തിന് 2:2 അനുപാതം വേണമെന്നാണ് സഹകരണസംഘം ജീവനക്കാരുടേയും സംഘം ഭാരവാഹികളുടേയും ആവശ്യം.

Latest