Connect with us

Editorial

പ്രഹസനമാകുന്ന പാര്‍ലിമെന്റ് സമ്മേളനം

Published

|

Last Updated

ചര്‍ച്ചകളൊന്നും കൂടാതെ തുടര്‍ച്ചയായി പത്ത് ദിവസം ബഹളത്തില്‍ കലാശിച്ചാണ് വെള്ളിയാഴ്ച രാജ്യസഭ പിരിഞ്ഞത്. സഭ ഈവിധം അലങ്കോലപ്പെട്ടതില്‍ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ദുഃഖവും നിരാശയും രേഖപ്പെടുത്തുകയുണ്ടായി. “ബഹളം വെച്ചു സഭ പിരിയുന്നത് വേദനാജനകമാണ്. സഭ ദിവസവും വെറുതെ ചേരുന്നു. അംഗങ്ങള്‍ പരസ്പരം വാഗ്വാദം നടത്തി യാതൊന്നും ചെയ്യാതെ പിരിയുന്നു. കായികമായി ഇടപെട്ടല്ല ഏതെങ്കിലും ഒരു വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ഒന്നുകില്‍ സമവായത്തിലൂടെയോ അല്ലങ്കില്‍ ഭൂരിപക്ഷാഭിപ്രായത്തോടെയോ വേണം തീരുമാനങ്ങളെടുക്കേണ്ടതെ”ന്നാണ് വെള്ളിയാഴ്ച സഭ നിര്‍ത്തിവെക്കുമ്പോള്‍ രോഷത്തോടെ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു പ്രതികരിച്ചത്. പഞ്ചാബ് നാഷനല്‍ ബേങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പാര്‍ലിമെന്റ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. അടുത്ത വര്‍ഷത്തേക്ക് പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ 1,150 കോടിയോളം രൂപയുടെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ ഗില്ലറ്റിന്‍ വഴിയാണ് പാസാക്കിയത്. സഭകളില്‍ ചര്‍ച്ച ചെയ്യാതെ ബില്ലുകള്‍ കൂട്ടത്തോടെ പാസ്സാക്കുന്ന രീതിയാണ് “ഗില്ലറ്റിന്‍”. സഭകളിലെ ചര്‍ച്ചകള്‍ ദിവസങ്ങളോളം നീളുന്ന ഘട്ടത്തില്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത വിഷയങ്ങളും നിര്‍ദേശങ്ങളും പാസാക്കാനാണ് സാധാരണ ഗതിയില്‍ ഈ മാര്‍ഗം സ്വീകരിക്കാറ്. അല്ലാത്ത ബില്ലുകളുടെ കാര്യത്തില്‍ ഈ മാര്‍ഗം അവലംബിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധവും പാര്‍ലിമെന്റിനോടുള്ള അനാദരവുമായാണ് ഗണിക്കപ്പെടുന്നത്.

പാര്‍ലിമെന്റിന്റെ ഇരുസഭകളും നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്ന ദിവസങ്ങള്‍ വിരളമാണിപ്പോള്‍. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കാറില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ആരോപണപ്രത്യാരോപണങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമാണ് സഭയുടെ സമയം ഏറെയും കവര്‍ന്നെടുക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ പശുവിനെ ചൊല്ലിയുള്ള ആള്‍ക്കൂട്ട കൊലകള്‍ക്കെതിരായ പ്രതിഷേധം ദിവസങ്ങളോളം സഭാ നടപടികള്‍ തടസ്സപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനും സ്പീക്കര്‍ക്ക് നേരെ കടലാസ് കീറിയെറിഞ്ഞതിനും ആറ് കോണ്‍ഗ്രസ് അംഗങ്ങളെ അഞ്ച് ദിവസത്തേക്ക് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. 2016ലെ ശീതകാല സമ്മേളനവും നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ബഹളങ്ങള്‍ തടസ്സപ്പെടുത്തി. അന്ന് ലോക്‌സഭ ചേര്‍ന്നത് അനുവദിക്കപ്പെട്ട സമയത്തിന്റെ 15 ശതമാനവും രാജ്യസഭ 18 ശതമാനവും മാത്രമായിരുന്നു. ബി ജെ പിക്ക് പകരം കോണ്‍ഗ്രസാണ് അധികാരത്തിലെങ്കിലും ഇതാണ് അവസ്ഥ. കഴിഞ്ഞ യു പി എ ഭരണത്തില്‍ ബി ജെ പി പല തവണ സഭാനടപടികള്‍ അലങ്കോലപ്പെടുത്തുകയും സ്തംഭിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നിയമ നിര്‍മാണം നടത്തുകയും രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന മുഖ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യേണ്ട വേദിയാണ് പാര്‍ലിമെന്റ്. ജനാധിപത്യത്തിന്റെ സുപ്രധാനമായ ഈ പ്രക്രിയയില്‍ ഭാഗവാക്കാകാന്‍ ജനങ്ങളുടെ പ്രതിനിധികളായി പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരാണ് എം പിമാര്‍. സഭകളില്‍ വരുന്ന ബില്ലുകളും മറ്റും ശ്രദ്ധാപൂര്‍വം പഠിക്കുകയും ചര്‍ച്ച ചെയ്യുകയും അതുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട അഭിപ്രായങ്ങള്‍ നിര്‍ദേശിക്കുകയും സഭകള്‍ അംഗീകരിക്കുന്ന ബില്ലുകള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും ഫലപ്രദമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് അവരുടെ ഉത്തരവാദിത്തം. എന്നാലിപ്പോള്‍ പാര്‍ലിമെന്റില്‍ (നിയമസഭകളിലും)നടക്കുന്നത് ഇതൊന്നുമല്ല. സഭകളുടെ വിലപ്പെട്ട സമയം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുകയാണ് സാമാജികര്‍. പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്തല്ല ഇപ്പോള്‍ ബില്ലുകളും ധനാഭ്യര്‍ഥനകളുമൊന്നും പാസ്സാക്കുന്നത്. ബഹളത്തിനിടയില്‍ ഭരണപക്ഷം ചുട്ടെടുക്കുകയാണ് പല ബില്ലുകളും.
സഭകള്‍ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും സാമാജികര്‍ക്കെന്ത്? രണ്ടായാലും അവരുടെ ശമ്പളത്തിനോ ആനുകൂല്യങ്ങള്‍ക്കോ കുറവ് വരുന്നില്ല. പാര്‍ലിമെന്റ് ദിവസങ്ങളോളം സ്തംഭിപ്പിക്കുന്നവര്‍ സഭാ നടപടികളില്‍ കാര്യക്ഷമമായും കൃത്യമായും പങ്കെടുക്കുന്നവര്‍ക്ക് നിര്‍ണയിച്ച ആനുകൂല്യങ്ങളെല്ലാം യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഒപ്പിട്ടു വാങ്ങുന്നു. നഷ്ടം രാജ്യത്തെ നികുതിദായകര്‍ക്കാണ്. അവര്‍ ഒടുക്കുന്ന നികുതിപ്പണത്തില്‍ നിന്നെടുത്താണല്ലോ പാര്‍ലിമെന്റ് നടത്തുന്നതും സാമാജികര്‍ക്ക് വേതനം നല്‍കുന്നതും.

സഭാ സ്തംഭനത്തിന് പൊതുവെ പ്രതിപക്ഷത്തെയാണ് കുറ്റപ്പെടുത്താറ്. എന്നാല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകാന്‍ ഭരണപക്ഷത്തിനും സാധിക്കില്ല. ഭരണത്തിലിരിക്കുന്നവരുടെ തെറ്റായ നടപടികളെ ചൂണ്ടിക്കാണിക്കാന്‍ കൂടിയുള്ളതാണ് പാര്‍ലിമെന്റ്. ചോദ്യങ്ങള്‍ ഉന്നയിക്കുക, സര്‍ക്കാറിനെ കൊണ്ട് മറുപടി പറയിക്കുക, അത് പൊതുജനസമക്ഷം ലഭ്യമാക്കുക എന്നിവയെല്ലാം സാമാജികരുടെ അവകാശമാണ്. അംഗങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാതെ ബന്ധപ്പെട്ട മന്ത്രിമാര്‍ ഒഴിഞ്ഞു മാറുകയും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്യുമ്പോഴാണ് മിക്കപ്പോഴും പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്രതിപക്ഷത്തോട് ക്രിയാത്മകമായി പ്രതികരിക്കുകയും പാര്‍ലിമെന്റ് കാര്യക്ഷമമായും ഫലപ്രദമായും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ തങ്ങളുടെ ജനവിരുദ്ധ നയങ്ങളും കൊള്ളരുതായ്മകളും തുറന്നു കാണിക്കപ്പെടുമെന്നതായിരിക്കണം ഭരണത്തിലിരിക്കുന്നവരുടെ ഭയം. തിരഞ്ഞെടുത്തയച്ച വോട്ടര്‍മാരുടെ വികാരം തീരെ കണക്കിലെടുക്കാതെയും ജനാധിപത്യത്തെ അവഹേളിച്ചും ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നു പാര്‍ലിമെന്റിനെ അലങ്കോലപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. ചുരുങ്ങിയ പക്ഷം സഭാനടപടികള്‍ അലങ്കോലപ്പെടുത്തുന്നവര്‍ അന്നത്തെ വേതനവും ആനുകൂല്യങ്ങളും വാങ്ങാതിരിക്കാനുള്ള മാന്യതയെങ്കിലും കാണിക്കേണ്ടതാണ്.

Latest