രാമസേതു സംരക്ഷിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Posted on: March 16, 2018 3:47 pm | Last updated: March 16, 2018 at 7:04 pm

ന്യൂഡല്‍ഹി: രാമസേതു സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സേതുസമുദ്രം ഷിപ്പിങ് കനാല്‍ പദ്ധതിക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് അറിയിച്ചുകൊണ്ട് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാമസേതുവിന്റെ ഘടന മാറ്റാന്‍ കഴിയില്ലെന്നും അതിന് നാശം വരുത്താത്ത രീതിയില്‍ ഷിപ്പിങ് കനാലിനായി ബദല്‍ പദ്ധതി നടപ്പാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുന്‍പ് സമര്‍പ്പിച്ച അലൈന്‍മെന്റില്‍ മാറ്റം വരുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.

2005ല്‍ യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് സേതുസമുദ്രം ഷിപ്പിങ് കനാല്‍ പദ്ധതി. പദ്ധതി ദേശീയ പാരമ്പര്യത്തിനും വിശ്വാസത്തിനും എതിരാണെന്ന് കാണിച്ച് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിക്കുകയായിരുന്നു.