Connect with us

Kerala

വനിതാ എക്‌സൈസ് ഓഫീസര്‍മാരുടെ പരാതി: ബോധ്യപ്പെട്ടാല്‍ നടപടിയെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കൂട്ടം വനിതാ എക്‌സൈസ് ഓഫീസര്‍മാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പേര് വെളിപ്പെടുത്താതെ നല്‍കിയ പരാതി സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടന്നുവരികയാണന്നും ഇതില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമന്നും എക്‌സൈസ് മന്ത്രി ടി കെ രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇതുസംബന്ധിച്ച പരാതി വകുപ്പ് മന്ത്രിക്കോ മുഖ്യമന്ത്രിക്കോ നേരിട്ട് ഇവര്‍ നല്‍കിയിരുന്നില്ല. മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതി അവര്‍ നടപടിക്കായി എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു. റേഞ്ച് ആസ്ഥാനങ്ങളില്‍ രണ്ടാഴ്ച ഇടവിട്ട് എക്‌സൈസ് കമ്മീഷണര്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നും എന്നാല്‍ ഇതുസംബന്ധിച്ച് പരാതി ഇവര്‍ കമ്മീഷണര്‍ക്ക് നല്‍കിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ വകുപ്പുതല അന്വേഷണം നടത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് തന്നെയാണ് വിശദീകരണം ചോദിക്കുക. ഇതുകൊണ്ടാണ് പരാതി സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ റേഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് വിശദവിവരം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. പരാതി ഗൗരവതരമാണെന്നിരിക്കെ ഇതിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടികളിലേക്ക് കടക്കും. പരാതിക്കാര്‍ വനിതകളായതിനാല്‍ അവരുടെ കുടുംബ ഭദ്രതക്ക് കോട്ടം തട്ടാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. എന്നാല്‍ വനിതാ ഓഫീസര്‍മാര്‍ക്ക് അനുവദിച്ച 100 സ്‌കൂട്ടറുകള്‍ പുരുഷന്മാരാണ് ഉപയോഗിക്കുന്നതെന്ന പരാതി പരിശോധിക്കും.

 

Latest