ജയ് ഷായുടെ ഹരജി: ദി വയറിനെതിരായ നടപടിക്ക് സുപ്രീം കോടതി സ്റ്റേ

Posted on: March 16, 2018 6:06 am | Last updated: March 15, 2018 at 11:10 pm

ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്‍ ജയ് ഷാ നല്‍കിയ അപകീര്‍ത്തി കേസില്‍ ദി വയറിനെതിരായ നടപടി തുടരരുതെന്ന് ഗുജറാത്ത് മജിസ്‌ട്രേറ്റ് കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദി വയര്‍ നല്‍കിയ ഹരജി ഏപ്രില്‍ 12ന് പരിഗണിക്കും. അതുവരെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് സുപ്രീം കോടതി ബഞ്ച് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ദി വയര്‍ നല്‍കിയ ഹരജിയില്‍ ജെയ് ഷായോടും ബന്ധപ്പെട്ട മറ്റുള്ളവരോടും രണ്ടാഴ്ചക്കകം പ്രതികരണമറിയിക്കാനും ബഞ്ച് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്.

വാര്‍ത്ത പ്രസിദ്ധീകരിച്ച ദി വയര്‍ പോര്‍ട്ടലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യപ്രവര്‍ത്തക രോഹിണി സിംഗുമാണ് അപകീര്‍ത്തി കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടി വെബ്സൈറ്റ് ഉടമകള്‍ക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അതിനിടെ രാജ്യത്തെ ഇലക്‌ട്രോണിക് മാധ്യമങ്ങളെ കുറിച്ച് കോടതി ചില നിരീക്ഷണങ്ങള്‍ നടത്തി. തങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ പല ഇലക്‌ട്രോണിക് മാധ്യമങ്ങളും അവര്‍ക്ക് എന്തും എഴുതാമെന്നാണ് വിചാരിക്കുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളതെന്തും എങ്ങനെ എഴുതാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇലക്‌ട്രോണിക് മീഡിയ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കണം. മാധ്യമങ്ങളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ചില വ്യക്തികള്‍ വിചാരിക്കുന്നത് അവര്‍ പ്രസംഗപീഠത്തിലിരിക്കുന്ന പോപ്പുകളാണെന്നാണ്. അവര്‍ വിധി പുറപ്പെടുവിക്കുന്നു. ഇവര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും കോടതി ഓര്‍മപ്പെടുത്തി.

ദി വയറിനും രോഹിണി സിംഗിനും വേണ്ടി പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലും ജെയ് ഷാക്കു വേണ്ടി നീരജ് കൃഷ്ണ കൗളും ഇന്നലെ കോടതിയില്‍ ഹാജരായി. വയര്‍ വാര്‍ത്ത കെട്ടിചമച്ച് ഉണ്ടാക്കിയതാണെന്നും നിരുത്തരവാദ മാധ്യപ്രവര്‍ത്തനത്തിന് ഒരു ഉദാഹരണമാണെന്നും നീരജ് കൃഷ്ണ കൗള്‍ വാദിച്ചു. എന്നാല്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ രാജ്യത്ത് എങ്ങനെ മാധ്യപ്രവര്‍ത്തനം വിജയിക്കുമെന്ന് കപില്‍ സിബല്‍ തുറന്നടിച്ചു.

ബി ജെ പി അധികാരത്തിലെത്തിയ ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം കുതിച്ചുയര്‍ന്നുവെന്ന ദി വയര്‍ റിപ്പോര്‍ട്ടിനെതിരെ 2017 ഒക്ടോബറിലാണ് ജയ് ഷാ കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദി വയര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തി കേസ് നിലനില്‍ക്കുന്നതാണെന്നും മാധ്യമപ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്നുമായിരുന്നു കോടതി വിധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. മാനനഷ്ടത്തിന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജയ് ഷാ കോടതിയെ സമീപിച്ചത്.