Connect with us

National

പാക് ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: നയതന്ത്ര പ്രതിനിധികളെ പീഡിപ്പിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു. പാക് ഹൈക്കമ്മീഷണര്‍ സുഹൈല്‍ മഹ്മൂദ് ഡല്‍ഹിയില്‍ നിന്ന് ഇസ്‌ലാമാബാദിലേക്ക് മടങ്ങി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരില്‍ നിന്ന് നടപടികളൊന്നുമില്ലാത്തതിനാലാണ് പ്രതിനിധിയെ തിരിച്ചുവിളിച്ചതെന്ന് പാക് വക്താവ് മുഹമ്മദ് ഫൈസല്‍ ഇസ്‌ലാമാബാദില്‍ പ്രതികരിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കുമെതിരെ നടക്കുന്ന സംഭവങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും ഫൈസല്‍ ആരോപിച്ചു.

പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ ചിലര്‍ പിന്തുടര്‍ന്നെന്നും ഡ്രൈവറെ ആക്രമിച്ചെന്നുമായിരുന്നു പാക് ആരോപണം. ഇതുമായി ബന്ധപ്പെട്ടതെന്ന് പറയപ്പെടുന്ന വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഏതാനും ദിവസങ്ങളായി പാക് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി പാക് വിദേശകാര്യ മന്ത്രാലയം കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിരുന്നു. പാക് ഉദ്യോഗസ്ഥര്‍ക്കും കുടംബങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളില്‍ നിന്ന് ഭീഷണിയും പീഡനവും അക്രമവും നേരിടുന്നുണ്ടെന്നും അറിയിച്ചിരുന്നു. സംഭവങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ അടക്കമുള്ള വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നതായും പാക് വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍, ആരോപണങ്ങള്‍ ഇന്ത്യ തള്ളി. ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അതൊരു പതിവ് നടപടി മാത്രമാണെന്നും ഇന്ത്യ വ്യക്തമാക്കി. പാക്കിസ്ഥാന്റെ പരാതിക്ക് കഴിഞ്ഞ ആഴ്ച തന്നെ ഇന്ത്യ മറുപടി നല്‍കിയിരുന്നു. നയതന്ത്ര പ്രതിനിധികള്‍ക്ക് ആവശ്യമായ സുരക്ഷ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രതിനിധികള്‍ക്കും പല പ്രശ്‌നങ്ങളും പാക്കിസ്ഥാനില്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍, അതൊന്നും മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കാറില്ല. സമചിത്തതയോടെ നേരിടുകയാണ് പതിവെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ “അതിക്രമത്തിന്റെ നയതന്ത്ര”മാണ് പാക്കിസ്ഥാന്‍ പയറ്റുന്നതെന്നും ഇന്ത്യ വിമര്‍ശിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് കല്ലേറ് നടത്തി, വൈദ്യുതി ബന്ധം വിച്ഛേദിച്ചു, ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചു തുടങ്ങിയ പരാതികളുമായി കഴിഞ്ഞ മാസം 16ന് പാക് വിദേശകാര്യ സെക്രട്ടറിയെ ഇന്ത്യന്‍ സംഘം കണ്ടിരുന്നു.

Latest