കതിരൂര്‍ മനോജ് വധം: പി ജയരാജനടക്കമുള്ള പ്രതികള്‍ക്കെതിരേ യുഎപിഎ നിലനില്‍ക്കും

Posted on: March 15, 2018 2:50 pm | Last updated: March 16, 2018 at 9:25 am

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ള പ്രതികള്‍ക്കെതിരേ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. യുഎപിഎ റദ്ദാക്കണമെന്നാവശ്യപ്പെട്ട്
ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. അനുമതി കിട്ടുംമുന്‍പു യുഎപിഎ ചുമത്തിയ നടപടി വിചാരണക്കോടതിക്ക് പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

കേസ് പരിഗണിക്കവേ കോടതി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുഎപിഎ ചുമത്തിയത് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ഇല്ലാതെയാണെന്ന് ആരോപിച്ച് പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹരജിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങളാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.
സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയാണോയെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലത്തില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. ബോംബ് എറിയുന്നവന്‍ വെറുതേ നടക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്താന്‍ പ്രോസിക്യൂഷന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി ചോദ്യംചെയ്താണ് ജയരാജനും മറ്റും ഹൈക്കോടതിയെ സമര്‍പ്പിച്ചത്. യുഎപിഎയുടെ പരിധിയില്‍ വരുന്ന, രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന നടപടികളൊന്നും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

സിബിഐയാണ് പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയത്. കേസിലെ 25ാം പ്രതിയായ പി.ജയരാജനാണ് കൊലക്കുപിന്നിലെ മുഖ്യആസൂത്രകനെന്നാണ് സിബിഐ കണ്ടെത്തല്‍. സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനന്‍, തലശേരി ഈസ്റ്റ് കതിരൂര്‍ സ്വദേശികളായ കുന്നുമ്മല്‍ റിജേഷ്, കട്ട്യാല്‍ മീത്തല്‍ മഹേഷ്, കുളപ്പുറത്തുകണ്ടി സുനില്‍കുമാര്‍, കണ്ണൂര്‍ കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ മംഗലശേരി വി.പി.സജിലേഷ് എന്നിവരാണു മറ്റു പ്രതികള്‍. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് 2014 സെപ്റ്റംബര്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്.