വസീം ജാഫറിന് സെഞ്ച്വറി; വിദര്‍ഭ ഭേദപ്പെട്ട നിലയില്‍

  Posted on: March 15, 2018 6:26 am | Last updated: March 14, 2018 at 11:53 pm

  നാഗ്പുര്‍: ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ വെറ്ററന്‍ ബാറ്റ്‌സ്മാന്‍ വസീം ജാഫര്‍ സെഞ്ച്വറിയുമായി അജയ്യനായി നിന്നതോടെ വിദര്‍ഭ ആദ്യ ദിനം ഭേദപ്പെട്ട നിലയില്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് വിദര്‍ഭക്കുള്ളത്. 166 പന്തുകളില്‍ 113 റണ്‍സുമായി വസീം ജാഫര്‍ ക്രീസിലുണ്ട്. 113 പന്തുകളില്‍ 70 റണ്‍സെടുത്ത നവദീപ് സെയ്‌നിയാണ് കൂട്ട്.

  പതിനാറ് ബൗണ്ടറികളും ഒരു സിക്‌സും വസീം ജാഫറിന്റെ ഇന്നിംഗ്‌സിലുള്‍പ്പെടുന്നു. നാല്‍പതാം വയസിലെത്തി നില്‍ക്കുന്ന വസീം ജാഫര്‍ ഇറാനി കപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. കരിയറിലെ 242ാം ഫസ്റ്റ് ക്ലാസ് മത്സരമാണ് ജാഫര്‍ കളിച്ചത്. ഇറാനി കപ്പില്‍ പന്ത്രണ്ട് മത്സരങ്ങള്‍ കളിച്ച ജാഫര്‍ മുംബൈ, റെസ്റ്റ് ഓഫ് ഇന്ത്യ ടീമുകള്‍ക്കായും കളിച്ചിരുന്നു. ആയിരത്തിലേറെ റണ്‍സാണ് ജാഫര്‍ ഇറാനി കപ്പില്‍ സ്‌കോര്‍ ചെയ്തത്. ഇതാകട്ടെ, ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ഗുണ്ടപ്പവിശ്വനാഥ്, ദിലീപ് വെംഗര്‍സര്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരുടെ ആകെ സ്‌കോറിനേക്കാള്‍ അധികമാണ്.

  ഓപണിംഗ് സ്റ്റാന്‍ഡില്‍ ഫസലും സഞ്ജയ് രാമസ്വാമിയും രഞ്ജി ട്രോഫിയിലെ മികവ് ആവര്‍ത്തിക്കുന്ന കാഴ്ച. 101 റണ്‍സാണ് വിദര്‍ഭയുടെ ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്.

  രവിചന്ദ്രന്‍ അശ്വിന്‍ 25 ഓവര്‍ എറിഞ്ഞെങ്കിലും നിരാശനായി. ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. അശ്വിന്റെ ലെഗ്‌ബ്രേക്കുകള്‍ ജാഫറും വിദര്‍ഭ ക്യാപ്റ്റന്‍ ഫയസ് ഫസലും (190 പന്തുകളില്‍ 89) വിദഗ്ധമായി നേരിട്ടു.

  സഞ്ജയ് രാമസ്വാമി 111 പന്തുകളില്‍ 53 റണ്‍സെടുത്ത് പുറത്തായി.