Connect with us

National

വിജയം ഉജ്ജ്വലം: പ്രതിപക്ഷ നിരയില്‍ പുത്തനുണര്‍വ്

Published

|

Last Updated

ഫലപ്രഖ്യാപനത്തിന് ശേഷം ലക്‌നോയിലെ സമാജ്‌വാദി പാര്‍ട്ടി ആസ്ഥാനത്തിന് മുമ്പില്‍ അഖിലേഷ് യാദവിന്റെയും ബി എസ് പി നേതാവ് മായാവതിയുടെയും ഫോട്ടോ ഉയര്‍ത്തി വിജയാഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ നിര്‍ണായക ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കാലിടറിയപ്പോള്‍ പ്രതിപക്ഷം വീണ്ടെടുക്കുത്തത് പുത്തനുണര്‍വ്. രണ്ട് പതിറ്റാണ്ടായി യോഗി ആദിത്യനാഥെന്ന രാഷ്ട്രീയ അതികായന്‍ കൊടികുത്തി വാണിരുന്ന ഗോരഖ്പൂര്‍ മണ്ഡലത്തിലും ഉപമുഖ്യന്റെ തട്ടകത്തിലും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി വിജയിച്ചത് ബി ജെ പി നേതൃത്വത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് മൂന്ന് ലക്ഷത്തിലേറെ വോട്ടിന് ജയിക്കുകയും അഞ്ച് തവണ തുടര്‍ച്ചയായി വിജയക്കൊടി പാറിക്കുകയും ചെയ്ത മണ്ഡലമാണ് രാഷ്ട്രീയ എതിരാളികള്‍ക്ക് അടിയറവെച്ചത്. ബീഹാറിലെ ജെഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിക്ക് അടിത്തറ തെളിയിക്കാനായതും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായതും രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതുണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴില്‍ പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിതമായ സീറ്റുകളില്‍ ഒന്നാണ് ഗോരഖ്പൂരെന്നായിരുന്നു ബി ജെ പിയുടെ ധാരണ. ഗോരഖ്പൂര്‍ മഠത്തിലെ മുഖ്യപുരോഹിതന്‍ മഹന്ത് അവേദ്യനാഥ് ആയിരുന്നു യോഗിയുടെ പിന്‍ഗാമി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഡ്രസ് റിഹേഴ്‌സല്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിട്ട യോഗിക്ക് രാഷ്ട്രീയ മേല്‍ക്കൈ നഷ്ടമാകുകയാണ്.

ബി ജെ പിയുടെ തീവ്ര ഹിന്ദുത്വ നിലപാടുകളുടെ അംബാസിഡറെന്ന പേരില്‍ അറിയപ്പെട്ട യോഗിക്ക് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുന്നതിനുള്ള അവസരമാണ് നഷ്ടമായത്. ഭരണത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച യോഗിയുടെ ഹിന്ദുത്വ അജന്‍ഡകള്‍ക്കും ഗോരഖ്പൂരിലെ തോല്‍വി തിരിച്ചടിയാണ്.

രാഷ്ട്രീയ വൈരം മറന്ന് മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും അഖിലേഷ് യാദവിന്റെ സമാജ്‌വാദിയും ഒന്നിക്കാന്‍ തീരുമാനിച്ചതാണ് നിര്‍ണായകമായത്. കാല്‍നൂറ്റാണ്ടോളം നീണ്ടുനിന്ന വൈരം മറന്ന് ബി ജെ പിയെ തോല്‍പ്പിക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെ ഒന്നിച്ചത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ബി ജെ പിക്ക് തിരിച്ചടിയായിരിക്കുമെന്നാണ് സൂചന. ബിഹാറില്‍ രൂപം കൊണ്ട മഹാസഖ്യം പോലുള്ള സഖ്യങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപവത്കരിക്കാനുള്ള ആത്മവിശ്വാസം പ്രതിപക്ഷത്തിന് നല്‍കുന്നതാണ് ഗൊരഖ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം.

ഉപതിരഞ്ഞെടുപ്പ് ഫലം ഒരു ചൂണ്ടുപലകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബി ജെ പിക്ക് ബാലികേറാമലയായിരിക്കുമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തല്‍. പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടാക്കി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുയായിരുന്നു നാളിതുവരെ ഹിന്ദി മേഖലയില്‍ ബി ജെ പി പയറ്റിയ തന്ത്രം. എന്നാല്‍ പൊതു ശത്രുവിനെതിരെ ബിഹാറില്‍ വിശാല സഖ്യവും യു പി ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം പോരടിച്ച ബി എസ് പിയും സമാജ് പാര്‍ട്ടിയും തൊട്ടുകൂടായ്മ ഉപേക്ഷിച്ചതോടെ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനായി. ന്യൂനപക്ഷ, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ ബി ജെ പിക്കെതിരെ സമ്മതിദാനം വിനിയോഗിക്കുകയും ചെയ്തു. വരും കാലത്ത് പ്രതിപക്ഷ ഐക്യം പൂവണിഞ്ഞാല്‍ ബി ജെ പിക്ക് തിരഞ്ഞെടുപ്പ് ദുഷ്‌കരമാകുമെന്ന ശക്തമായ സന്ദേശമാണ് യു പി യില്‍ നിന്നുള്ള പാഠം. എസ് പി- ബി എസ് പി സഖ്യത്തെ വെല്ലുവിളിച്ച് ഒറ്റക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം അവര്‍ക്ക് കനത്ത ആഘാതമാണ് വരുത്തിയത്. കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോയെന്ന് മാത്രമല്ല, ലഭിച്ച വോട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിക്കും ബഹുദൂരം പിന്നിലാണ്. കോണ്‍ഗ്രസിന് യു പിയില്‍ വേരില്ലെന്ന് ബോധ്യപ്പെട്ടാല്‍ അഖിലേഷിന് രാഹുലുമായുള്ള സൗഹൃദം രാഷ്ട്രീയ സഖ്യമാകാനിടയില്ല. തൃണമൂല്‍, ഡി എം കെ, ആര്‍ ജെ ഡി, എസ് പി , ആന്ധ്രയിലെ തെലുഗുദേശം എന്നിവ ചേര്‍ന്ന് മൂന്നാം മുന്നണിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്താന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസുമായി ഐക്യപ്പെടാന്‍ വിസമ്മതിക്കുന്ന ഇടതുപാര്‍ട്ടികള്‍ക്കും ഈ മുന്നണിയെ പുണരാവുന്നതാണ്. അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ലോക്‌സഭയിലെ ബി ജെ പിയുടെ കക്ഷിനില, കേവല ഭൂരിപക്ഷമായ 272ലെത്തിയിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ എന്‍ ഡി എയില്‍ തങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നില്ലെന്ന സഖ്യകക്ഷികളുടെ പരാതികളും വര്‍ധിക്കാന്‍ ഇടയുണ്ട്. 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുകയെന്നത് ബി ജെ പിക്ക് മുന്നില്‍ വെല്ലുവിളിയാകും.

ഫൂല്‍പൂരില്‍ നിര്‍ണായകമായത് ദളിത് വോട്ടുകളുടെ ഏകീകരണം

ലക്‌നോ: അലഹബാദിന് സമീപത്തുള്ള ഫൂല്‍പൂരില്‍ ദളിത് വോട്ടുകള്‍ സംയോജിപ്പിച്ചതാണ് ബി ജെ പി പരാജയപ്പെട്ടതിന് പിന്നില്‍. എസ് പിയും ബി എസ് പിയും ഒന്നിച്ചപ്പോള്‍ മണ്ഡലത്തിലെ അഞ്ചര ലക്ഷം ദളിത് വോട്ടുകള്‍ എസ് പി സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

എസ് പിയെ പിന്തുണക്കണമെന്ന ബെഹന്‍ ജി (മായാവതി)യുടെ അഭ്യര്‍ഥന ഗ്രാമീണരെ വിശ്വസിപ്പിക്കുക എളുപ്പമായിരുന്നില്ലെന്ന് ബി എസ് പി നേതാക്കള്‍ പറയുന്നു. മായാവതിയുടെ തീരുമാനം വന്നതിന് ശേഷം കേവലം ഒരാഴ്ച കൊണ്ടാണ് നൂറിലേറെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചതെന്ന് ബി എസ് പി സോണല്‍ നേതാവ് അശോക് ഗൗതം പറഞ്ഞു.

ബാബാ സാഹേബ് അംബേദ്കറിന്റെ പഠനത്തിനും തൊഴില്‍ വളര്‍ച്ചക്കും സഹായിച്ച കോലാപൂരിലെ കുര്‍മി രാജാവ് ഛത്രപതി ശാഹുജി മഹാരാജിനുള്ള കടം തിരിച്ചുനല്‍കാനുള്ള മികച്ച സമയമാണ് ഈ തിരഞ്ഞെടുപ്പെന്നായിരുന്നു ഗ്രാമീണര്‍ക്കിടയില്‍ പ്രചരിപ്പിച്ചത്.

മറ്റൊരു കുര്‍മി സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നതെന്നും ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തി.

തിരഞ്ഞെടുപ്പ് അവസരമാക്കി ദളിത് സമൂഹം

ലക്‌നോ: യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയായതിന് ശേഷം സംസ്ഥാനത്ത് ദളിത് സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങളും അവഹേളനങ്ങളുമെല്ലാം ആ സമൂഹത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതിന് തെളിവായിരിക്കുകയാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. സംസ്ഥാനത്ത് മേല്‍ജാതിക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനാല്‍ പിന്നാക്ക വിഭാഗങ്ങളെല്ലാം അരക്ഷിതാവസ്ഥയിലായിരുന്നു. വിദ്യാസമ്പന്നരായ ദളിതുകള്‍ മടി കൂടാതെ എസ് പിക്ക് വോട്ട് ചെയ്തുവെന്നാണ് ബി എസ് പി പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലേറിയതിന് ശേഷം ദളിതുകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചത് ഈ സമൂഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മീറത്തിലും അസംഗഢിലും അംബേദ്കറിന്റെ പ്രതിമകള്‍ തകര്‍ത്തത് ദളിത് സമൂഹത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്.

ജാതി ശ്രേണിയില്‍ ബ്രാഹ്മണ വിഭാഗത്തിന്റെ തൊട്ടുതാഴെയുള്ള ഠാക്കൂര്‍ ആണ് അദിത്യനാഥ്. ഗൊരഖ്പൂരില്‍ ഇത്തവണ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥി ബ്രാഹ്മണനായിരുന്നു. മണ്ഡലത്തിലെ ജാതി സംഘടനകളെല്ലാം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എസ് പിയെ പിന്തുണക്കാന്‍ തീരുമാനിച്ചിരുന്നു. എസ് പിയുടെ സ്ഥാനാര്‍ഥിയായ പ്രവീണ്‍ നിഷാദ് നേതൃത്വം നല്‍കുന്ന നിര്‍ബല്‍ ഇന്ത്യന്‍ ശോശിത് ആം ദള്‍ (നിഷാദ്) ഇവയിലൊന്നാണ്. നിശാദ് (മത്സ്യത്തൊഴിലാളി) വിഭാഗത്തില്‍ നിന്നുള്ളയാളാണ് 29കാരനായ എന്‍ജിനീയര്‍ പ്രവീണ്‍ നിഷാദ്.

പട്ടികവര്‍ഗക്കാരായ മുസ്‌ലിംകളുടെ പാര്‍ട്ടിയായ പീസ് പാര്‍ട്ടി ഓഫ് പസ്മാന്ദയും പ്രവീണിന് പിന്തുണ പ്രഖ്യാപിച്ചു. ഒ ബി സി, എം ബി സി വിഭാഗങ്ങളില്‍ ഭൂരിപക്ഷവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി തങ്ങളെ അവഗണിച്ചുവെന്ന വികാരം പങ്കിടുന്നവരാണ്. ഇവരുടെ പിന്തുണയും എസ് പിക്ക് ലഭിച്ചു.

അലഹബാദില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന
എസ് പി പ്രവര്‍ത്തകര്‍

 

നിതീഷ് കുമാറിന്റെ വിശ്വാസ്യതക്കേറ്റ തിരിച്ചടി

പറ്റ്‌ന: ബിഹാറില്‍ ബി ജെ പിക്കാളേറെ നഷ്ടപ്പെട്ടത് ജെ ഡി യു നേതാവ് നിതീഷ് കുമാറിന്. ആര്‍ ജെ ഡി, കോണ്‍ഗ്രസ് എന്നിവരുമായുള്ള സഖ്യം കഴിഞ്ഞ ജൂലൈയില്‍ ഒഴിവാക്കി ബി ജെ പിയുമായി കൂട്ടുകൂടിയ നിതീഷിന്റെ ചുവടുമാറ്റത്തിനുള്ള വിജയ പരിശോധന കൂടിയായിരുന്നു ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിതീഷ് കുമാറിന് മുഖ്യമന്ത്രിയാകാന്‍ സാധിച്ചതിന് പ്രധാന കാരണം മഹാസഖ്യമായിരുന്നു.

മണ്ഡലങ്ങളുടെ ഭൂമിശാസ്ത്ര പ്രത്യേകത പരിശോധിച്ചാല്‍ സംസ്ഥാനം മുഴുക്കെയുമുള്ളതായിരുന്നു ഉപതിരഞ്ഞെടുപ്പുകള്‍. ആര്‍ ജെ ഡി വിജയിച്ച അരാരിയ സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലാണ്. ജിഹാനാബാദ് മധ്യഭാഗത്തും ഭാബുവ യു പി അതിര്‍ത്തിയോടടുത്ത് പടിഞ്ഞാറന്‍ ബിഹാറിലുമാണ്. അതിനാല്‍ സംസ്ഥാനം മുഴുക്കെയും ഉപതിരഞ്ഞെടുപ്പിന്റെ അലയൊലികളുണ്ടായി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംസ്ഥാനം മുഴുക്കെയുള്ള ജനങ്ങളുടെ വികാരമാണ് ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.

ഇരട്ട എന്‍ജിന്‍ വളര്‍ച്ച (മോദി- നിതീഷ് കൂട്ടുകെട്ട്) എന്ന ജെ ഡി യുവിന്റെ മുദ്രാവാക്യം വോട്ടര്‍മാര്‍ പാടെ തള്ളിയതിനും തെളിവാണിത്. സദ്ഭരണമെന്ന യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് നിരോധനം, ബാലവിവാഹം, സ്ത്രീധനം തുടങ്ങിയ സാമൂഹിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചതും നിതീഷിന് തിരിച്ചടിയായി.
ലാലുപ്രസാദ് യാദവിന്റെ പിന്‍ഗാമിയാരെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമാകും തേജസ്വി യാദവ്. ലാലു ജയിലിലായ പശ്ചാത്തലത്തില്‍ തേജസ്വിയാണ് തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിയെ നയിച്ചത്.

 

തന്ത്രങ്ങള്‍ മാറ്റാന്‍ ബി ജെ പി

ന്യൂഡല്‍ഹി: രണ്ട് പ്രധാന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ, യു പിയില്‍ തന്ത്രങ്ങള്‍ മാറ്റിപ്പണിയാന്‍ ബി ജെ പി. എസ് പിയും ബി എസ് പിയും ഒന്നിച്ച പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ജാതി സമവാക്യങ്ങളടക്കമുള്ളവയില്‍ മാറ്റം വരുത്താനാണ് ബി ജെ പിയുടെ നീക്കം. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ പുതുക്കാനാണ് തീരുമാനം.

അമിത ആത്മവിശ്വാസം തിരിച്ചടിയായി: യോഗി

ഗൊരഖ്പൂര്‍: അമിത ആത്മവിശ്വാസം തിരിച്ചടിയായെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഖിലേഷ് യാദവ്- മായാവതി ഐക്യത്തിന്റെ ശേഷി വിലകുറച്ചു കണ്ടതും വിനയായി. എസ് പി, ബി എസ് പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒറ്റക്കായിരുന്നെങ്കിലും പ്രചാരണത്തിന്റെ മധ്യത്തില്‍ ഒന്നിച്ചു. ഇത് മനസ്സിലാക്കുന്നതില്‍ പിഴവ് വന്നു. എസ് പി- ബി എസ് പി രാഷ്ട്രീയ വ്യാപാരം ഇല്ലാതാക്കാന്‍ തന്ത്രം മെനയുമെന്നും അദ്ദേഹം പറഞ്ഞു.

മായാവതിക്ക് നന്ദി: അഖിലേഷ്

ലക്‌നോ: നിര്‍ണായക പോരാട്ടത്തില്‍ ബി എസ് പി നേതാവ് മായാവതിയുടെ പിന്തുണക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവ്. ഗൊരഖ്പൂര്‍- ഫൂല്‍പൂര്‍ ലോക്‌സഭാ സീറ്റുകളിലെ വിജയം രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനുള്ള സൂചനയാണിത്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്നതിനുള്ള സൂചനയാണിത്. വിദ്വേഷത്തിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം ജനങ്ങള്‍ നിരസിച്ചിരിക്കുന്നു.

തങ്ങളുടെ സഖ്യത്തെ പാമ്പും ചുണ്ടെലിയും തമ്മിലുള്ള ചങ്ങാത്തമെന്നും കള്ളന്മാരും സഹോദരന്മാരും എന്നൊക്കെയാണ് വിശേഷിപ്പിച്ചത്. ഔറംഗസേബ് എന്നാണ് തന്നെ വിളിച്ചത്. ബി ജെ പിയോട് ജനങ്ങള്‍ ദേഷ്യമാണുള്ളത്. അതാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാര്‍ക്ക് ബി ജെ പിയോട് ദേഷ്യം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി ജെ പിയോടുള്ള വോട്ടര്‍മാരുടെ ദേഷ്യമാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു പിയില്‍ കോണ്‍ഗ്രസിനെ പുനര്‍നിര്‍മിക്കും. എന്നാല്‍ അത് പാതിരാത്രികളാകില്ല. തിരഞ്ഞെടുപ്പ് വിജയികള്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.