ആശ്വാസമായി ചെറുമഴ; ന്യൂനമര്‍ദ്ദം ചുഴലിയായി മാറില്ല

Posted on: March 15, 2018 6:12 am | Last updated: March 14, 2018 at 11:01 pm

തിരുവനന്തപുരം: കനത്ത ചൂടിനിടയില്‍ ആശ്വാസമായി ചെറുമഴയെത്തി. വിവിധ ജില്ലകളില്‍ ഇന്നലെ രാത്രിയിലും പുലര്‍ച്ചെയുമായി ചെറിയ തോതില്‍ മഴ ലഭിച്ചു. ശ്രീലങ്കക്ക് സമീപം ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറുന്നതിനിടെയാണ് ചൂടിന് ആശ്വാസമായി മഴയെത്തിയത്. അതിതീവ്ര ന്യൂനമര്‍ദം കേരളത്തിനും ലക്ഷദ്വീപിനും ഇടയിലൂടെ കടന്നുപോകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍.

എന്നാല്‍, കടലില്‍ ശക്തമായ കാറ്റിനും വന്‍ തിരമാലകള്‍ക്കും കേരളത്തിലുടനീളം കാറ്റിനും മഴക്കും സാധ്യതയുണ്ട്. സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണം. ഇന്നും കടലില്‍ പോകരുത്.

തിരുവനന്തപുരത്തിന് 340 കിലോമീറ്റര്‍ ദൂരത്താണ് ന്യൂനമര്‍ദ്ദത്തിന്റെ പാത. അതിനാല്‍ കേരളത്തിന് ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ന്യൂനമര്‍ദ്ദം ദിശമാറി കേരളതീരത്തിന് നാശം വിതക്കാന്‍ സാധ്യതയുള്ള ചുഴലിയായി പരിണമിച്ചാല്‍ അതിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

ലക്ഷദ്വീപില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. കേരളത്തിലും ന്യൂനമര്‍ദത്തിന്റെ അലയൊലികള്‍ ഉണ്ടാകും. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനാണു സാധ്യത. ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞദിവസം ഉച്ചയോടെ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ന്യൂനമര്‍ദ പാത്തി തിരുവനന്തപുരത്തു നിന്ന് തെക്കുപടിഞ്ഞാറ് ദിശയില്‍ 340 കിലോമീറ്റര്‍ വരെ അടുത്തെത്തി വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചേക്കും.