റഷ്യന്‍ ചാരനെ വിഷം കുത്തിവെച്ച് കൊന്ന സംഭവം: 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ ബ്രിട്ടന്‍ പുറത്താക്കും

റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം തത്കാലം ഒഴിവാക്കാന്‍ ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി തെരേസ
Posted on: March 15, 2018 6:03 am | Last updated: March 14, 2018 at 10:22 pm

ലണ്ടന്‍: ബ്രിട്ടനില്‍ കഴിയുന്ന റഷ്യന്‍ ചാരനെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് ബ്രിട്ടന്‍ 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കും. 30 വര്‍ഷത്തിനിടെ ബ്രിട്ടന്‍ ഇതാദ്യമായാണ് ഇത്രയും കൂടുതല്‍ നയതന്ത്രപ്രതിനിധികളെ ഒറ്റയടിക്ക് പുറത്താക്കുന്നത്. റഷ്യന്‍ ചാരന്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് വ്യക്തമായ വിശദീകണം നല്‍കാന്‍ റഷ്യയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന്റെ സമയമപരിധി തിങ്കളാഴ്ച അവസാനിച്ചുവെന്നും തെരേസ മെയ് പറഞ്ഞു.

റഷ്യ ഇതിനെ കുറിച്ച് വിശദീകരണം നല്‍കിയിട്ടില്ലെന്നും ചാരന്റെ കൊലപാതകത്തില്‍ ആ രാജ്യത്തിന്റെ പങ്ക് വ്യക്തമായി അടയാളപ്പെടുത്തുന്നതാണ് ഈ മൗനമെന്നും അവര്‍ ആരോപിച്ചു. മുന്‍ റഷ്യന്‍ ചാരനായ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കുമെതിരെ മാര്‍ച്ച് നാലിന് സാലിസ്‌ബെറിയില്‍ വെച്ചുണ്ടായ വിഷപ്രയോഗത്തെ കുറിച്ച് റഷ്യക്ക് എന്തെല്ലാം കാര്യങ്ങള്‍ അറിയാമെന്ന് വ്യക്തത വരുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. ഈ കൊലപാതകത്തിന് മറുപടിയായി റഷ്യക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം തത്കാലം ഒഴിവാക്കാന്‍ ആവശ്യപ്പെടുമെന്നും തെരേസ പാര്‍ലിമെന്റിനെ അറിയിച്ചു.